ആഭ്യന്തര വിമാന സർവീസുകളിൽ യാത്രചെയ്യുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

തിങ്കളാഴ്ച മുതൽ പുനഃരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളിൽ യാത്രചെയ്യുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ഇതിനു പുറമേ യാത്രാസമയത്തെ മുൻനിർത്തി നിരക്ക് നിശ്ചയിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര വിമാന സർവീസുകളിലെ യാത്രക്കാരെപ്പോലെ ദീർഘദൂര യാത്ര ഇവിടെ ആവശ്യമായിവരാത്തതിനാൽ, ആഭ്യന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു.മാത്രമല്ല, യാത്രാസമയത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുക. 40 മിനിട്ട് മുതൽ 210 മിനിറ്റുവരെയുള്ള യാത്രകൾക്ക് കുറഞ്ഞ/പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഇടയ്ക്കുള്ള തുകയ്ക്കായിരിക്കും ടിക്കറ്റ് വിൽക്കാൻ കഴിയുക.
40 ശതമാനം സീറ്റുകളിൽ യാത്രക്കാരെ നിജപ്പെടുത്തി മെട്രോ നഗരങ്ങളിൽ നിന്ന് മറ്റ് നഗരങ്ങളിലേക്ക് മൂന്നിൽ ഒന്ന് വിമാനങ്ങൾ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ആഴ്ചയിൽ 100-ൽ അധികം വിമാനങ്ങൾ സർവീസ് നടത്തും. ആഭ്യന്തര സർവീസുകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാവും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
read also:കൊവിഡ് കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആഭ്യന്തര വിമാന യാത്ര അനുവദിക്കില്ല
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 20,000-ൽ അധികം പേരെ രാജ്യത്ത് തിരികെയെത്തിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ പേരെ തിരികെയെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല, എയർ ഇന്ത്യയ്ക്കു പുറമേ സ്വകാര്യ വിമാനക്കമ്പനികളെയും വന്ദേഭാരത് മിഷന്റെ ഭാഗമാക്കും. മറ്റു രാജ്യങ്ങളിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ മാത്രമാണ് സർക്കാർ തിരിച്ചെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Story highlights-Quarantine is not mandatory for those traveling on domestic flights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here