സ്പ്രിംക്‌ളറിനെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടില്ല; എന്നാൽ നിയന്ത്രണം ഇനി മുതൽ സി-ഡിറ്റിന്

സംസ്ഥാനത്തെ കൊവിഡ് വിവര വിശകലനം ഘട്ടം ഘട്ടമായി സിഡിറ്റിന് കൈമാറുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിവരശേഖരണം സിഡിറ്റിനെ ഏൽപിച്ചു. സ്പ്രിംക്‌ളറിന്റെ സോഫ്‌റ്റ്വെയർ സിഡിറ്റ് നിയന്ത്രണത്തിൽ തുടർന്നും ഉപയോഗിക്കും. രോഗികളുടെ വിവരങ്ങൾ സിഡിറ്റ് സെർവറിലേക്ക് മാറ്റിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.
സ്പ്രിംക്‌ളർ കാരാറിനെതിരായ ഹർജികളിലെ ആരോപണങ്ങളിൽ വ്യക്തത വരുത്തിയാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. സംസ്ഥാനത്തെ 80 ലക്ഷം ആളുകൾ കൊവിഡ് ബാധയുടെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ. ഇതിനായി ബിഗ് ഡാറ്റാ അനാലിസിസ് ആവശ്യമായിരുന്നു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സേവനം പലതവണ തേടിയെങ്കിലും പോസറ്റീവായ മറുപടി ലഭ്യമായില്ല. ആദ്യഘട്ടത്തിൽ സേവനം നൽകാൻ സാങ്കേതികമായി സിഡിറ്റ് പര്യാപ്തമായിരുന്നില്ല. ഇതിനാലാണ് സ്പ്രിംക്‌ളറിന്റെ സേവനം തേടിയത്. ഇത് അനിവാര്യമായിരുന്നു. ശേഖരിച്ച വിവരങ്ങൾ സിഡിറ്റ് സെർവറിലേക്ക് മാറ്റി. വിവരങ്ങൾ കൈകാര്യം ചെയ്യാൻ സ്പ്രിംക്‌ളറിന് ഇനി അനുമതിയില്ല. രാജ്യത്തു തന്നെയുള്ള് ആമസോൺ ക്ലൗഡ് സെർവറിൽ എൻക്രിപ്റ്റഡായാണ് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സിഡിറ്റിനാണ് ഉടമസ്ഥാവകാശം. ഇതിനായി സിഡിറ്റിന്റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിന്റെ ശേഷി വർധിപ്പിച്ചു. സ്പ്രിംക്‌ളറിന്റെ സോഫ്ര്‌റ്റ്വെയർ തന്നെ ഉപയോഗിച്ചാവും തുടർന്നും വിവര വിശകലനം.
സ്പ്രിംക്‌ളറുമായി പർച്ചേസ് ഓർഡർ ഓപ്പിട്ടത് എല്ലാവശവും പരിശോധിച്ച ശേഷമാണ്. വിവര സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കേസുകൾക്കായി ന്യൂയോർക്കിൽ പോകേണ്ടിവരുമെന്ന ആശങ്ക പരാതിക്കാർക്ക് വേണ്ട. വിവര ശേഖരണത്തിനും വിശകലനത്തിനുമായി പൗരന്മാരുടെ കൺസെന്റ് വാങ്ങണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഊഹാപോഹങ്ങളുടെയും മുൻവിധികളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ഹർജികളെന്നും ഇവ നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വാദിക്കുന്നു.
Story Highlights- Sprinkler wont get data access cdit takes control
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here