രാജ്യത്തെ കൊവിഡ് കേസുകൾ 1,20000 കടന്നു

5611 new covid cases  and 140 deaths reported in india

രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തിലധികം കൊവിഡ് കേസുകൾ. 6088 പോസിറ്റീവ് കേസുകളും 148 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 123711 ആയി ഉയർന്നു. ഇതുവരെ 3676 പേർ മരിച്ചു. അതേസമയം, 50,857 പേർ രോഗമുക്തരായി. സാമ്പിൾ പരിശോധനകളുടെ എണ്ണം 27 ലക്ഷം കടന്നു. ലോക്ക് ഡൗൺ തീരുമാനത്തിലൂടെ 20 ലക്ഷം പോസിറ്റീവ് കേസുകളും 54,000 മരണവും ഒഴിവായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത ശേഷം, 24 മണിക്കൂറിനിടെയുള്ള റെക്കോർഡ് വർധനയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ നിന്ന് 35 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, തമിഴ്‌നാട്ടിൽ നിന്ന് 12 ശതമാനവും, ഗുജറാത്തിൽ നിന്ന് 11 ശതമാനവും, ഡൽഹിയിൽ നിന്ന് 10 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തു. അതേസമയം, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 41 ശതമാനമായി ഉയർന്നു. ഇതുവരെ 27,19,434 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 1,03,514 സാമ്പിളുകൾ പരിശോധിച്ചു. മരണനിരക്ക് 3.13ൽ നിന്ന് 3.02 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 44000 കടന്നു. 24 മണിക്കൂറിനിടെ 2940 പോസിറ്റീവ് കേസുകളും 63 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 44582ഉം മരണം 1517ഉം ആയി ഉയർന്നു. മുംബൈയിൽ രോഗവ്യാപനം രൂക്ഷമായി. 1751 പേർ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചു. ആകെ കേസുകൾ 27,068ഉം മരണം 909ഉം ആയി. ധാരാവിയിൽ 53 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത 786 കേസുകളിൽ 569ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 14,753 ആയി. 98 പേർ മരിച്ചു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 13000 കടന്നു. 24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 275 പുതിയ കേസുകൾ. 26 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top