കണ്ണൂരിൽ ഇന്ന് ആദിവാസി യുവതിക്കും കൊവിഡ്; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രോഗം

covid19

കണ്ണൂരിൽ ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ആറ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കത്തിലൂടെ ഒരാൾക്കും രോഗ ബാധയുണ്ടായി. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ജില്ലയിലാണ്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ആദിവാസി യുവതിക്കാണ്. അയ്യൻകുന്ന് സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. യുവതി ഇന്നലെ പ്രസവിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

അതേസമയം മേക്കുന്നിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേക്കുന്നിൽ രോഗം സ്ഥിരീകരിച്ചത് രണ്ട് വയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ്. മുംബൈയിൽ നിന്നെത്തിയവരാണ് ഇവർ.

മട്ടന്നൂർ സ്വദേശിനിക്കും നാല് വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇവർ ദുബായിൽ നിന്ന് വന്നവരാണ്. കൂടാതെ കണ്ണൂർ, മുഴപ്പിലങ്ങാട്, കുന്നോത്തുപറമ്പ്, ചൊവ്വ, ചെമ്പിലോട്, ചെറുവാഞ്ചേരി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

read also:സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേര്‍ക്ക് രോഗമുക്തി

അതേസമയം സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സ്വദേശികളായ 12 പേർക്കും, കാസർഗോഡ് സ്വദേശികളായ ഏഴ് പേർക്കും, കോഴിക്കോട്, പാലക്കാട് സ്വദേശികളായ അഞ്ച് പേർക്ക് വീതവും, തൃശൂർ മലപ്പുറം സ്വദേശികളായ നാല് പേർക്ക് വീതവും, കോട്ടയം സ്വദേശികളായ രണ്ട് പേർക്കും, കൊല്ലം, പത്തനംതിട്ട, വയനാട് സ്വദേശികളായ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് ഇന്ന് കൊവിഡ് ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Story highlights-kannur,  covid19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top