Advertisement

പൊലീസിന് ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കും

May 22, 2020
Google News 1 minute Read
kerala police

പൊലീസിന് ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. അതിന്റെ ഭാഗമെന്ന നിലയില്‍ ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 2000 ഫെയ്‌സ് ഷീല്‍ഡുകള്‍ പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ പൊലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ മൂടുന്ന മഴക്കോട്ടും ബന്ധപ്പെട്ട മറ്റ് ആവരണങ്ങളുമൊക്കെ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാന്‍ സഹായപ്രദവുമാണ്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് ഇവ തയാറാക്കിയിരിക്കുന്നത്.

ഗാര്‍ഹികപീഡനം തടയുന്നതിനായി എല്ലാ ജില്ലകളിലും പൊലീസിന്റെ നേതൃത്വത്തില്‍ ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്ട് റസലൂഷ്യന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. എല്ലാ ജില്ലകളിലേയും ഇത്തരം കേന്ദ്രങ്ങളില്‍ ഇതുവരെ 340 പരാതികളാണ് ലഭിച്ചത്. ഇതില്‍ 254 എണ്ണത്തില്‍ കൗണ്‍സിലിങ്ങിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്ന രീതിയില്‍ കൗണ്‍സലിംഗ് നല്‍കാന്‍ ഈ സെന്റര്‍ മുഖേന കഴിയും.

ജനങ്ങള്‍ റെയില്‍പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതുമായ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രത്യേക യാത്രാ ട്രെയിനുകളും ചരക്കു ട്രെയിനുകളും ഏതു സമയത്തും അപ്രതീക്ഷിതമായി കടന്നുവന്നേക്കാം. മറ്റ് ചില സംസ്ഥാനങ്ങളില്‍ ഉണ്ടായതു പോലെ ഉള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. റെയില്‍ പാളങ്ങളിലൂടെയുള്ള കാല്‍നട യാത്ര തടയാന്‍ പൊലീസ് ശ്രദ്ധിക്കും.

ബസുകളിലും ഓട്ടോകളിലും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നു. മാസ്‌ക് ധരിക്കാതെയും യാത്ര ചെയ്യുന്നുണ്ട്. ഇത് തടയാന്‍ പൊലീസിന്റെ ഇടപെടലുണ്ടാകും. കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: lightweight face shields for police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here