ഡൽഹി കേരളാ ഹൗസിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് വിരുന്ന്

കൊവിഡ് പ്രതിസന്ധിക്കിടെ ഡൽഹി കേരളാ ഹൗസിൽ വിരുന്ന്. ഡൽഹി കേരളാ ഹൗസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു വിരുന്ന്. കേരളത്തിലേക്കുള്ള ശ്രമിക് ട്രെയിനിലെ മുന്നൊരുക്കങ്ങളിൽ പങ്കെടുത്തവർക്കായാണ് ലോക്ക് ഡൗൺ മാനദണ്ഡം ലംഘിച്ച് ചടങ്ങ് സംഘടിപ്പിച്ചത്.
മെയ് 20ന് കേരളത്തിലേക്ക് സർവീസ് നടത്തിയ ശ്രമിക് ട്രെയിനിന്റെ മുന്നൊരുക്കങ്ങളിൽ പങ്കെടുത്ത ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമാണ് കേരള ഹൗസിൽ വിരുന്ന് സംഘടിപ്പിച്ചത്. ഇന്നലെ രാത്രി എട്ട് മുതൽ ഒൻപത് മണി വരെയായിരുന്നു ചടങ്ങ്. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ആളുകൾ കൂട്ടംകൂടരുതെന്നാണ് സർക്കാർ നിർദേശം. ഇത് അവഗണിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ സഞ്ചയ് ഗാർഗ് ഐഎഎസ് ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തു.
Read Also:കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരൻ മരിച്ചു
ആഘോഷങ്ങൾക്ക് സമാനമായ വിഭവങ്ങളൊരുക്കിയായിരുന്നു അത്താഴവിരുന്ന്. ഡൽഹിയിൽ ഉൾപ്പെടെ കൊവിഡ് പടർന്നുപിടിക്കുന്നതിടെയാണ് ചടങ്ങ് എന്നതും ശ്രദ്ധേയം. മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോകുമ്പോൾ വലിയ തുക ചെലവഴിച്ചുള്ള വിരുന്നിനെതിരെ കേരള ഹൗസിലെ ജീവനക്കാർക്കിടയിൽ എതിർപ്പുണ്ട്. അതേസമയം ആഘോഷമായിരുന്നില്ല, സാധാരണ നിലയിലെ ഒത്തുചേരലാണ് സംഘടിപ്പിച്ചതെന്നാണ് കേരള ഹൗസ് അധികൃതരുടെ വിശദീകരണം.
Story highlight-delhi kerala house breaking lock down rules grand dinner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here