മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്; പുതുതായി 3041 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ആകെ രോഗികളുടെ എണ്ണം അരലക്ഷം കടന്നു. പുതുതായി 3041 പോസിറ്റീവ് കേസുകളും 58 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. അതേസമയം, സംസ്ഥാനത്തെ രോഗവ്യാപനം തടയാൻ കേരളത്തിന്റെ സഹായംതേടി മഹാരാഷ്ട്ര സർക്കാർ.

കൊവിഡിൽ പകച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം രോഗികളുടെ എണ്ണം 3000 കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി 2000 മുകളിലായിരുന്നു സംസ്ഥാനത്തെ രോഗവ്യാപനതോത്. 50,231 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1635 ആയി.

രോഗികളുടെ എണ്ണത്തിൽ മുംബൈയിലും റെക്കോർഡ് വർധന ഉണ്ടായി. 1725 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചപ്പോൾ 38 മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു.30,542 പോസിറ്റീവ് കേസുകളും 988 മരണവും മുംബൈയിൽ നിന്നുണ്ടായി. പൂനെ മറികടന്ന് താനെയിൽ രോഗികളുടെ എണ്ണം വർധിച്ചു. ഔറംഗബാദ്, നാസിക്, റായ്ഗഡ്, പാൽഘഡ്, സോലാപൂർ, നാഗ്പൂർ എന്നിവിടങ്ങളിൽ സ്ഥിതി വഷളാണ്. ഇതിനിടെയാണ് രോഗവ്യാപനം തടയാൻ കേരളത്തിൽ നിന്ന് 50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്സുമാരെയും സംസ്ഥാനത്തേക്ക് അയക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കത്തയച്ചത്.

ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതിൽ ആദ്യം എതിർപ്പ് പ്രകടിപ്പിച്ച മഹാരാഷ്ട്ര നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിക്കാം എന്ന് സന്നദ്ധത അറിയിച്ചു. ദിനംപ്രതി മുംബൈയിൽ നിന്ന് 25 വിമാനങ്ങൾക്ക് സർവീസ് നടത്താനാണ് സംസ്ഥാനം അനുമതി നൽകിയത്. കൂടാതെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുമെന്ന് സൂചനയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകി.

Story highlight: Increasing number of covid patients in Maharashtra; A total of 3041 positive cases were reported

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top