Advertisement

മാസങ്ങൾ നീണ്ട തയാറെടുപ്പ്; വലതു കൈത്തണ്ടയിൽ രണ്ട് തവണ പാമ്പിനെകൊണ്ട് കടുപ്പിച്ച് മരണം ഉറപ്പാക്കി, ഒടുവിൽ കുറ്റ സമ്മതം

May 24, 2020
3 minutes Read

കൊല്ലം അഞ്ചൽ സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ കുടുക്കിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് ഉത്രയുടെ ഭർത്താവായ പ്രതി സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാമ്പുകടിയിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ സൂരജ് പദ്ധതിയിട്ടത് മാസങ്ങൾക്കു മുമ്പ്. പാമ്പുകളെ കൈകാര്യം ചെയ്യാൻ യൂ ട്യൂബ് വീഡിയോകൾ സൂരജ് പതിവായി കാണാറുണ്ടായിരുന്നെന്ന് സൈബർ പരിശോധനയിൽ പൊലീസ് കണ്ടെത്തി. പതിവായി വിളിക്കാറുള്ള പാമ്പുപിടിത്തക്കാരൻ ചിറക്കര ചാവരു കാവ് സുരേഷിലേക്ക് അന്വേഷണം നീണ്ടു. ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ട്. അണലി , മൂർഖൻ എന്നിവയെ 15000 രൂപ വാങ്ങി സൂരജിന് നൽകിയെന്ന് സുരേഷ് സമ്മതിച്ചു. അണലിയെ ഫൈബ്രുവരി 26 ന് സൂരജിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്.

അണലി കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയിൽ ചികിത്സയിലായിരുന്നു. പ്ലാസ്റ്റിക് സർജറിയ്ക്ക് ശേഷമാണ് ഏപ്രിൽ 22 ന് ഡിസ്ചാർജ് വാങ്ങി ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതിനാൽ ജാറിലടച്ച മൂർഖനുമായി സൂരജ് വീണ്ടുമെത്തി. മേയ് 6 ന് അർധരാത്രി ഒരു മണിയോടെ ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കി മൂർഖൻ പാമ്പിനെക്കൊണ്ട് വലതു കൈത്തണ്ടയിൽ രണ്ടു തവണ കടിപ്പിച്ചു മരണം ഉറപ്പാക്കി. പാമ്പിനെ തിരികെ ജാറിലാക്കാൻ സൂരജ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജനാല തുറന്നിട്ട് പാമ്പ് അതുവഴി അകത്തു കയറിയെന്ന് വരുത്താനും ഇയാൾ ശ്രമിച്ചു.

അടുത്ത ദിവസം പുലർച്ചെ അമ്മയാണ് ഉത്രയെ മരിച്ച നിലയിൽ കാണുന്നത്. ഉത്രയുടെ സഹോദരനൊപ്പം സൂരജ് പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിടുകയും ചെയ്തു. തെളിവുകൾ അവശേഷിപ്പിക്കാത്തതിനാൽ രക്ഷപെടുമെന്ന് സൂരജ് കരുതിയെങ്കിലും പൊലീസ് പിന്നാലെയുണ്ടായിരുന്നു. സഹോദരിയുടെ സുഹൃത്തിന്റെ വസതിയിൽ ഒളിവു ജീവിതം നയിക്കുമ്പോഴാണ് സൂരജ് പിടിയിലായത്.

Story highlight: Months of preparation; Twice in his right forearm, he was stabbed to death by a snake, and finally confessed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top