പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും കർശനമാക്കി

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളി ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 17ാം തിയതി ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണവും നിരോധനവും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ലോക്ക് ഡൗൺ നടപ്പിലാക്കുക. സെക്ഷൻ 144ന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഈ മാസം 31 വരെ നിരോധനാജ്ഞയുണ്ടാകും. നിലവിലുള്ള കർശന നിയന്ത്രണങ്ങൾ പ്രകാരമാണ് ഉത്തരവെന്നും ജില്ലാ കലക്ടർ.
സർക്കാർ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി ചില സ്ഥലങ്ങളിൽ ലോക്ക് ഡൗൺ ലംഘന പ്രവർത്തനങ്ങൾ നടക്കുന്നതും തുടർച്ചയായി കൊവിഡ് പോസിറ്റീവ് കേസുകൾ വര്‍ധിക്കുന്നതുമാണ് നിരോധനാജ്ഞ നടപ്പിലാക്കാൻ കാരണം.
ഇത് നിരോധനാജ്ഞയായി കാണേണ്ടതില്ല. രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കുന്നതിനാണിതെന്നും നിലവിലുള്ള നിബന്ധനകളും മാർഗ നിർദേശങ്ങളും ലംഘിക്കുന്ന പക്ഷം ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് സാധ്യമാണ്. പരീക്ഷാ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനും പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. വിനോദ കേന്ദ്രങ്ങൾ, ഹാളുകൾ, തിയേറ്ററുകൾ, കായിക കോംപ്ലക്‌സുകൾ, പാർക്കുകൾ എന്നിവ തുറക്കില്ല. സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്‌ക്കാരിക, മതപരപരമായ കൂടിച്ചേരലുകൾക്ക് നിരോധനമുണ്ട്. മതപരമായ സ്ഥലങ്ങളിൽ പൊതുജന പ്രവേശനം അനുവദനീയമല്ല. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള അനാവശ്യമായ യാത്രകൾ അനുവദിക്കില്ല. ആഘോഷങ്ങൾ, മത, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നാല് പേരിലധികം പേർ ഒത്തുചേരൽ പാടുള്ളതല്ല. പൊതുസ്ഥലങ്ങളിൽ യോഗങ്ങളും പ്രകടനങ്ങളും പാടില്ല.
read Also:കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരൻ മരിച്ചു
ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ ഇത് കർശനമായും പാലിക്കേണ്ടതാണ്. നിർദേശം ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കുകയും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും. കണ്ടെയ്ൻമെന്റ് മേഖലകളിൽ ചികിത്സാപരമായ ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കും ഒഴികെ മറ്റൊന്നിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ല. ഈ മാസം 31 വരെ ഈ ഉത്തരവ് പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നതായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
Story highlights-palakkad strict rules and regulations lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here