‘സമയയാത്ര’യിലെ ആദ്യ വിഡിയോ ഗാനം പുറത്ത്

സമയയാത്ര സിനിമയിലെ വിഡിയോ സോഗ് പുറത്തിറങ്ങി. പാട്ട് ഇന്ന് ജനങ്ങളിലേക്ക് എത്തിച്ചത് ജനപ്രിയ നടൻ ജയസൂര്യയാണ്. ജയസൂര്യ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത സാധാരണക്കാരന്റെ ജീവിതത്തിൽ വരുത്തുന്ന പ്രതിസന്ധി അടിസ്ഥാന പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ സംവിധായകനും നിർമാതാവും തിരുവനന്തപുരത്തെ കുട്ടികളുടെ നാടകവേദിയിലൂടെ പ്രശസ്തനായ വിതുര സുധാകരനാണ്. മതിയായ ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്ത മലയോര ഗ്രാമത്തിൽ വച്ച് അപകടത്തിൽപെടുന്ന ഒരാളേയും കൊണ്ട് നഗരത്തിലെ ആശുപത്രി ലക്ഷ്യമാക്കിയുള്ള ആംബുലൻസ് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജീവിതത്തിനും മരണത്തിനും മധ്യേയുള്ള ഒട്ടേറെ വിഷമസന്ധികളിലൂടെ ചിത്രം കടന്നുപോകുന്നു.
ഇന്ന് റിലീസ് ചെയ്ത ‘അതിരിന്മേലൊരു മരമുണ്ടെകിൽ ‘…. എന്ന ഗാനത്തിന്റെ രചന തിരക്കഥാകൃത്തുകൂടിയായ ബി ടി അനിൽ കുമാറാണ്. ദേശീയ പുരസ്‌കാരം നേടിയ ‘സിൻജാർ’, രാജീവ്‌നാഥിന്റെ ‘പൂട്ട്’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സതീഷ് രാമചന്ദ്രനാണ് സംഗീത സംവിധായകൻ. ഇയ്യോബിന്റെ പുസ്തകം സിനിമയിലെ ‘മാനെ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കെ അനിൽറാമാണ് പാട്ട് ആലപിച്ചിരിക്കുന്നത്.
കൊവിഡ് 19 ഉയർത്തിയ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും സാഹചര്യത്തിൽ പാട്ടുകളുടെ റിലീസ് നേരത്തെ മാറ്റിവച്ചിരുന്നു. കഴിഞ്ഞ വർഷം സെൻസർ ചെയ്തു റിലീസ് കാത്തുകഴിയുന്ന മലയാളത്തിലെ നിരവധി സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ആത്മവിശ്വാസം നൽകുന്നതിന് കൂടിയാണ് ഈ പാട്ട് പുറത്തിറക്കിയതെന്ന് സംവിധായകൻ വിതുര സുധാകരൻ പറഞ്ഞു. കൊവിഡിന് സമാന്തരമായി സിനിമയുൾപ്പെടെയുള്ള എല്ലാ കലാപ്രവർത്തനങ്ങളും സർക്കാർ നിർദേശം കർശനമായി പാലിച്ചു മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also:ബിബിസിയിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധം; കെ കെ ശൈലജ ലൈവിൽ; വിഡിയോ കാണാം
ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഉടൻ റിലീസ് ചെയ്യും. ‘മായുന്നുവോ മറയുന്നുവോ’ എന്ന ഗാനം ആലപിച്ചത് അമ്പിളി സിനിമയിലൂടെ ശ്രദ്ധേയയായ മധുവന്തി നാരായണനാണ്. കൊണ്ടാട്ടം മ്യൂസിക്ക് കമ്പനിയാണ് ഗാനങ്ങൾ പുറത്തിറക്കുന്നത്.
Story highlights-samayayathra film video song released ,jayasurya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here