തുണി മാസ്‌ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് പടരുന്നത് തടയാന്‍ മാസ്‌ക് ഉപയോഗത്തിലൂടെ ഒരു പരിധിവരെ സാധിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. രോഗം ബാധിച്ച വ്യക്തി മാസ്‌ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കും. മാസ്‌ക്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.
എന്തിന് മാസ്‌ക് ഉപയോഗിക്കണം?
1. രോഗം ബാധിച്ച വ്യക്തി മാസ്‌ക്ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കുന്നു.
2. മാസ്‌ക് ധരിച്ച വ്യക്തി ശ്വസിക്കുമ്പോള്‍ വായുവിലുള്ള വൈറസ് നിറഞ്ഞ മിക്ക ചെറു കണങ്ങളെയും തടയുന്നതിനു സാധിക്കുന്നു.
3. മാസ്‌ക്ക് ധരിക്കുന്നയാള്‍ സ്വന്തം വായിലും മൂക്കിലും തൊടുന്നതും തടയാന്‍ സാധിക്കുന്നു.
മാസ്‌ക്കിനായി ഏത് മെറ്റീരിയല്‍ ഉപയോഗിക്കണം?
100 ശതമാനം കോട്ടണ്‍, കുറഞ്ഞത് 180 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ത്രെഡ് എണ്ണം, കട്ടിയുള്ളതും കടുപ്പമുള്ളതുമായ രീതിയില്‍ നെയ്‌തെടുത്ത തുണിത്തരമാണ് മാസ്‌ക്കിനായി തെരഞ്ഞെടുക്കേണ്ടത്. (സാധാരണയായി ഒരു കോട്ടണ്‍ ടി ഷര്‍ട്ടിന് 40 -50, ഷര്‍ട്ട് 100 -120, ടീ ടവല്‍ 130 -250, ബെഡ്ഷീറ്റ് 200 -400 എന്നിങ്ങനെ ആണ് ത്രെഡ് എണ്ണം ഉണ്ടാകുക.) ഇതേ കാരണത്താല്‍ 100 ശതമാനം കോട്ടണ്‍ ടി ഷര്‍ട്ടിന്റെ തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 ശതമാനം കോട്ടണ്‍ ടീ ടവല്‍ തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകള്‍ ഉയര്‍ന്ന ഫില്‍ട്ടറേഷന്‍ കാര്യക്ഷമത കാണിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് .
എപ്പോഴാണ് മാസ്‌ക് ധരിക്കേണ്ടത് ?
നിങ്ങള്‍ എപ്പോഴൊക്കെ വീടിനു പുറത്തിറങ്ങുന്നുവോ അപ്പോഴെല്ലാം മാസ്‌ക്ക് ധരിക്കേണ്ടതാണ്, പ്രത്യേകിച്ചും നിങ്ങള്‍ സമൂഹവുമായി ഇടപെടുന്ന സാഹചര്യങ്ങളില്‍. ഈ മാസ്‌ക്കുകള്‍ ഒരിക്കലും സാമൂഹിക അകലം പാലിക്കുന്നതിന് പകരമല്ല.
വീട്ടിലും മാസ്‌ക്ക് ധരിക്കണോ ?
ഇല്ല, അതിന്റെ ആവശ്യമില്ല.
Read More:കൊവിഡ് കാലത്ത് ഇതരസംസ്ഥാനങ്ങള്‍, വിദേശത്തു നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാസ്‌ക്ക് ധരിച്ചാല്‍ ആളുകളില്‍ നിന്ന് കുറഞ്ഞത് ആറ് അടി അകലെ നില്‍ക്കേണ്ടതുണ്ടോ ?
സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍ തുടങ്ങിയ ദൈനംദിന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാസ്‌ക്ക് ധരിക്കുന്നതും ഒരു ശീലമാക്കുന്നത് വഴി രോഗവ്യാപനം തടയാന്‍ ഒരു പരിധിവരെ നമുക്ക് കഴിയും. ഒരു മാസ്‌ക്ക് കൊണ്ട് മുഖം മറക്കുന്നത് അതു ധരിക്കുന്നവരെ സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെയും രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു.
ആരൊക്കെ തുണി മാസ്‌ക്ക് ധരിക്കാന്‍ പാടില്ല ?
രണ്ട് വയസിന് താഴെയുള്ള കൊച്ചുകുട്ടികള്‍, ശ്വാസതടസമുള്ള വ്യക്തികള്‍, അബോധാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ തുടങ്ങി പരസഹായമില്ലാതെ മാസ്‌ക്ക് നീക്കംചെയ്യാന്‍ കഴിയാത്ത ആരും തുണികൊണ്ടുള്ള മാസ്‌ക്ക്് കൊണ്ട് മുഖം മൂടരുത്.
എപ്പോഴാണ് മാസ്‌ക്ക് മാറ്റേണ്ടത് ?
പുറത്തേക്ക് വമിക്കുന്ന ഉച്ച്വസ വായുവില്‍ ഈര്‍പ്പം അടങ്ങിയിരിക്കുന്നു. തുണി മാസ്‌ക് ശരിയായ രീതിയിലല്ല ഉപയോഗിച്ചിട്ടുള്ളതെങ്കില്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍, അന്തരീക്ഷ താപനില, കാലാവസ്ഥ, മറ്റ് വ്യക്തിഗത ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് 46 മണിക്കൂറിനുള്ളില്‍ ഇത് നനവുള്ളതായി തീരും. ഇതിലുള്ള വ്യതിയാനങ്ങള്‍ അളക്കാന്‍ പ്രയാസമാണ്. കമ്യൂണിറ്റി സെറ്റിംഗുകളില്‍ തുണി മാസ്‌ക്ക് ഉപയോഗത്തെക്കുറിച്ചും അതിന്റെ ഉപയോഗ ഫലപ്രാപ്തിയെക്കുറിച്ചും നീക്കംചെയ്യാനുള്ള സമയത്തെ പറ്റിയും പഠനങ്ങളിലൂടെ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതിനാല്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മാസ്‌ക്ക് നനഞ്ഞതോ ഈര്‍പ്പം പറ്റിയതോ ആണെങ്കില്‍ നീക്കംചെയ്യുന്നതാണ് നല്ലത്.
മാസ്‌ക്ക് എങ്ങനെയാണ് ധരിക്കേണ്ടത് ?
മാസ്‌ക്ക് ധരിക്കുന്നതിന് മുമ്പ് കൈ കഴുകുക, അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക. മുഖത്ത് മാസ്‌ക്ക് സുഗമമായി ധരിച്ച ശേഷം മുഖത്തിന്റെ വശങ്ങളിലൂടെ പുറകിലേക്ക് വലിച്ചു കെട്ടുക. ധരിച്ച് കഴിഞ്ഞ മാസ്‌ക്ക് മൂക്കും വായയും മൂടുന്ന വിധത്തിലായിരിക്കണം. നാട ഉപയോഗിച്ച് മാസ്‌ക്ക് സുരക്ഷിതമാക്കുക. മാസ്‌ക്കിന്റെ പുറം ഭാഗം ഒരിക്കലും തൊടരുത്.
മാസ്‌ക് എങ്ങനെ നീക്കംചെയ്യാം?
നീക്കംചെയ്യുമ്പോള്‍ മാസ്‌ക്കിന്റെ പുറം ഭാഗം തൊടരുത്. സ്ട്രിംഗുകളില്‍ പിടിച്ച് മാസ്‌ക്ക് നീക്കംചെയ്യുക. മാസ്‌ക്ക് നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടാതിരിക്കാന്‍ വ്യക്തികള്‍ ശ്രദ്ധിക്കണം. മാസ്‌ക്ക് കഴുകുന്നതിനായി ഊരി മാറ്റിയ ഉടനെ തന്നെ അലക്കു ബാഗില്‍ ഇടണം, ഒരിക്കലും മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കാന്‍ പാടില്ല.
Read More: കൊവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത് എങ്ങനെ…?
ശ്വാസതടസം തോന്നിയാല്‍ എന്താണ് ചെയ്യേണ്ടത് ?
തുണി മാസ്‌ക്ക് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ ഇത് നേരിയ ശ്വാസംമുട്ടലായി അനുഭവപ്പെടാം. എന്നാല്‍ അത് മാസ്‌ക്ക് നീക്കംചെയ്യാനുള്ള കാരണമല്ല. ബുദ്ധിമുട്ട് അസഹ്യമാകുകയാണെങ്കില്‍, മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു പൊതു സ്ഥലത്ത് നിന്ന് മാറി നിങ്ങളുടെ മാസ്‌ക്ക് നീക്കംചെയ്യുക. മാസ്‌ക്ക് നീക്കംചെയ്തതിനുശേഷവും ബുദ്ധിമുട്ട് കുറയുന്നില്ലെങ്കില്‍ ശ്വാസ തടസത്തിന്റെ കാരണം മറ്റെന്തെങ്കിലുമാകാം. അതിനാല്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ എന്തുചെയ്യണം?
മാസ്‌ക്ക് ധരിക്കുന്നതിനുമുമ്പ് ആവശ്യത്തിനു ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമാണ് ഉത്തമം. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, മുമ്പ് സൂചിപ്പിച്ചതുപോലെ മാസ്‌ക്ക് നീക്കംചെയ്യുക. വെള്ളം കുടിച്ചതിനുശേഷവും ആഹാരം കഴിച്ചതിനുശേഷവും സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ നന്നായി കഴുകി മാസ്‌ക്ക് ധരിക്കുക.
മാസ്‌ക്ക് തൊടുമ്പോഴെല്ലാം ഞാന്‍ കൈ കഴുകണോ?
മാസ്‌ക്കിന്റെ പുറം ഭാഗം മലിനമായിരിക്കും. അതേ കാരണത്താല്‍, മാസ്‌ക്കിന്റെ പുറം ഭാഗത്തു തൊടരുത്. അബദ്ധത്തില്‍ മാസ്‌ക്ക് സ്പര്‍ശിക്കുകയാണെങ്കില്‍, സോപ്പും വെള്ളവും അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് ഓരോ പ്രാവശ്യവും കൈകള്‍ നന്നായി കഴുകണം.
മാസ്‌ക്ക് മലിനമാകുമ്പോഴോ നനയുമ്പോഴോ എന്തുചെയ്യണം?
അണുബാധ തടയുന്നതിനായി മലിനമായതോ നനഞ്ഞതോ ആയ മാസ്‌ക്ക് യഥാസമയം നീക്കംചെയ്യുക. അല്ലാത്തപക്ഷം അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
മാസ്‌ക്ക് അബദ്ധവശാല്‍ തെന്നിമാറിയാല്‍ എന്തുചെയ്യണം
മാസ്‌ക്ക് യഥാസ്ഥാനത്താണെന്ന് ഉറപ്പാക്കിയാല്‍ മാസ്‌ക്ക് ക്രമീകരിക്കേണ്ട ആവശ്യം വരില്ല. മാസ്‌ക്ക് ധരിക്കുമ്പോള്‍ മുഖത്തിന്റെ വശത്ത് സുഗമമായി വരത്തക്കവിധം ശരിയായി ബന്ധിപ്പിക്കുക. മാസ്‌ക്ക് അബദ്ധവശാല്‍ തെന്നിമാറിയാല്‍, മാസക്ക് വീണ്ടും ക്രമീകരിക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക.
മാസ്‌ക് ഉപയോഗിക്കുമ്പോള്‍ തുമ്മുന്നത് പോലെ തോന്നിയാല്‍ എന്തുചെയ്യണം
മാസ്‌ക് ഉപയോഗിച്ച് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാം. മാസ്‌ക്കിന്റെ പ്രധാന ഉപയോഗങ്ങളിലൊന്ന് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ചെറു കണികകളില്‍ നിന്നും മറ്റ് വ്യക്തികള്‍ക്ക് സംരക്ഷണം കൊടുക്കുക എന്നതാണ്.
മാസ്‌ക്ക് എങ്ങനെ വൃത്തിയാക്കാം?
1. സോപ്പ് അല്ലെങ്കില്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ചൂട് വെള്ളത്തില്‍ മാസ്‌ക്ക് കഴുകുക
2. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കുക.
3. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ (6 ടീ സ്പൂണ്‍) ബ്ലീച്ച് ലയിപ്പിച്ച ലായനിയില്‍ അഞ്ച് മിനിറ്റ് മുക്കിവച്ച് മാസ്‌കുകള്‍ അണുവിമുക്തമാക്കുക.
4. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കുക.
ആളുകളോട് സംസാരിക്കാന്‍ മാസ്‌ക്ക് നീക്കംചെയ്യാന്‍ കഴിയുമോ?
ഇല്ല. കുറഞ്ഞ സമയത്തേക്ക് മാസ്‌ക്ക് നീക്കംചെയ്യുന്നത് പോലും മറ്റുള്ളവരിലേക്കും നിങ്ങള്‍ക്കും ഒരുപോലെ അണുബാധ പകരാന്‍ സാധ്യത ഉണ്ട്. രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യമുള്ള ഒരു വ്യക്തി പോലും രോഗത്തിന്റെ വാഹകരാണെന്ന് ഓര്‍മിക്കുക. മാസ്‌ക്ക് ഉപയോഗിച്ചാല്‍ പോലും മറ്റൊരാളുമായി സംസാരിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണം.
മാസ്‌ക് ധരിച്ചിട്ടുള്ളപ്പോള്‍ ഫോണ്‍ വിളിക്കണമെങ്കില്‍ എന്തുചെയ്യണം
ഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ മാസ്‌ക്ക് ഭാഗികമായോ പൂര്‍ണമായോ നീക്കംചെയ്യരുത്. നിങ്ങളുടെ ഫോണ്‍ ധരിച്ചിട്ടുള്ള മാസ്‌കില്‍ സ്പര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കുക.
നമുക്ക് മാസ്‌ക് പങ്കിടാന്‍ കഴിയുമോ
അണുക്കളില്‍ ഗണ്യമായ ശതമാനം ഫേസ് മാസ്‌ക്കിന്റെ പുറം / ആന്തരിക ഭാഗങ്ങളില്‍ പറ്റിനില്‍ക്കുന്നതിനാല്‍ ഒരു ഫേസ്മാസ്‌ക്ക് അണുബാധക്ക് വളരെയധികം സാധ്യതയുള്ള ഒരു ഉറവിടം തന്നെയാണ്. അതിനാല്‍ നിങ്ങള്‍ മാസ്‌ക്ക് പങ്കിടരുത്. ഇത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകും.
വിശദ വിവരങ്ങള്‍ക്കായി ദിശ കോള്‍ സെന്ററിനെ വിളിക്കുക: 1056, 0471 2309250, 0471 2309255.
Story Highlights: Things to Consider When Wearing a Cloth Mask, arogyakeralam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here