കണ്ണൂരിൽ കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

കണ്ണൂരിൽ കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. അയ്യൻകുന്ന് സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ രണ്ടാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അടുത്ത പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.
കഴിഞ്ഞ വ്യാഴാഴ്ച പ്രസവിച്ച യുവതി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ സാംപിളും ഉടൻ പരിശോധനയ്ക്ക് അയക്കും. അതേസമയം യുവതിക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ണൂർ ജില്ലാ ആശുപത്രിയിലും ഒരാഴ്ചയോളം ചികിത്സയിലുണ്ടായിരുന്നു. യുവതിക്ക് ആശുപത്രിയിൽ നിന്നാണോ രോഗം ബാധിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. തലയിൽ ചക്ക വീണ് പരുക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കാസർഗോഡ് സ്വദേശിക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ ഇദ്ദേഹത്തിൻ്റെ രോഗ ഉറവിടവും കണ്ടെത്താനായില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഇയാൾ ചികിത്സയിലുണ്ടായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ഇയാൾക്ക് ശസ്ത്രക്രിയ ആവശ്യമായതിനാലാണ് സ്രവ പരിശോധന നടത്തിയത്.
Read Also:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശിനി
നേരത്തെ കൊവിഡ് ബാധിച്ച ധർമ്മടം സ്വദേശിനിയുടെ ഭർത്താവിനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുടുംബത്തിന് രോഗം ബാധിച്ചതും എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. അറുപത്തിരണ്ടുകാരിയായ സ്ത്രീ രണ്ട് ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നു. ഇവരെ വീട്ടിലും ആശുപത്രിയിലും സന്ദർശിച്ചവരെ കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചയാൾ പോകാറുള്ള മാർക്കറ്റിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ജില്ലയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചതും മറ്റൊരു സംഘം അന്വേഷിക്കുകയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും മൂന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story highlights-tribe woman second covid test become negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here