Advertisement

സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി

May 26, 2020
Google News 2 minutes Read
cm pinarayi vijayan

സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊവിഡ് 19 ലബോറട്ടറികളില്‍ 150 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് എന്‍എച്ച്എം മുഖാന്തിരമാണ് താത്കാലിക തസ്തികകള്‍ സൃഷ്ടിക്കുന്നത്.

19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്നീഷ്യന്‍, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 7, തൃശൂര്‍ മെഡിക്കല്‍ കോളജ് 14, കോഴിക്കോട് മെഡിക്കല്‍ കോളജ് 16, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് 11, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി 8, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് 13, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് 14, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ 12, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്സിറ്റി 12, എറണാകുളം മെഡിക്കല്‍ കോളജ് 10, മഞ്ചേരി മെഡിക്കല്‍ കോളജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 2, കോട്ടയം മെഡിക്കല്‍ കോളേജ് 16 എന്നിങ്ങനേയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കൊവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

14 സര്‍ക്കാര്‍ ലാബുകളിലും ആറ് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 20 സ്ഥലങ്ങളിലാണ് കൊവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. മൂന്നു മാസത്തിനുള്ളിലാണ് ഈ 20 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചത്. 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകളും അധികമായി ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ 100 പരിശോധനകള്‍ മാത്രം നടത്താന്‍ കഴിഞ്ഞ ലാബുകളില്‍ പരിശോധനകള്‍ ഇരട്ടിയിലധികമാക്കാന്‍ സാധിച്ചു. എല്ലാ സര്‍ക്കാര്‍ ലാബുകളിലും കൂടി ദിനം പ്രതി 3000ത്തോളം പരിശോധനകള്‍ നടത്താന്‍ കഴിയുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ അത് 5,000 ത്തോളമായി ഉയര്‍ത്താനുമാകും.

Read Also:സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാനുള്ള വലിയ പ്രയത്നമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. മൂന്ന് മാസത്തിനുള്ളില്‍ 55,000ലധികം പരിശോധനകള്‍ നടത്താന്‍ കേരളത്തിനായി. സാമ്പിളുകള്‍ ശേഖരിക്കാനുപയോഗിക്കുന്ന വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡയത്തിന്(വിടിഎം) ഇന്ത്യയൊട്ടാകെ ക്ഷാമം നേരിടുന്നുവെങ്കിലും കേരളത്തിന്റെ സ്ഥിതി ഭദ്രമാണ്. സംസ്ഥാന പബ്ലിക് ലാബ് വിടിഎം സ്വന്തമായി നിര്‍മിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തുവരുന്നുണ്ട്. എല്ലാ ജില്ലകളിലുമായി പരിശോധനകള്‍ നടത്താനുള്ള 81,000 പിസിആര്‍ റീയേജന്റും ഒരു ലക്ഷം ആര്‍എന്‍എ എക്ട്രാക്ഷന്‍ കിറ്റും സ്റ്റോക്കുണ്ട്. എങ്കിലും ഐസിഎംആര്‍ വഴിയും കെഎംഎസ്‌സിഎല്‍ വഴിയും കൂടുതല്‍ കിറ്റുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 6700 ഓളം താത്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ അടുത്തിടെ സൃഷ്ടിച്ചത്. നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് ലാബുകളില്‍ താതകാലിക ജീവനക്കാരെ നിയമിക്കുന്നത്. ഇതോടെ സ്ഥിരവും താത്ക്കാലികവുമായ 8379 ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.

Story highlights-150 temporary posts set up at covid laboratories : Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here