ബുക്കിംഗ് തുകയായ 50 പൈസ കമ്പനിക്ക്; ബെവ്ക്യു ആപ്പിൽ അഴിമതി ആവർത്തിച്ച് പ്രതിപക്ഷം

ഓൺലൈൻ മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യു ആപ്പിൽ അഴിമതി ആവർത്തിച്ച് പ്രതിപക്ഷം. ബുക്കിംഗ് തുകയായ 50 പൈസ സ്വകാര്യ കമ്പനിക്കാണ് നൽകുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ബാറുമായുള്ള കരാർ എന്നവകാശപ്പെടുന്ന രേഖകൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
ബാറുകളിൽ നിന്ന് ഈടാക്കുന്ന 50 പൈസ ഫെയർകോഡ് കമ്പനിയിലേക്ക് പോകുന്നു എന്ന കാര്യം രേഖകളിൽ സൂചിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷത്തിൻ്റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
Read Also: ബെവ്ക്യൂ സജ്ജം: ബുക്കിംഗ് നാളെ മുതൽ
നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടര ലക്ഷം രൂപയ്ക്ക് പുറമെ ഫെയർകോഡിന് മറ്റ് പണമൊന്നും നൽകുന്നില്ല എന്നാണ് ബെവ്കോ അറിയിക്കുന്നത്. 50 പൈസ ബെവ്കോയ്ക്ക് തന്നെയാണ് ലഭിക്കുന്നതെന്നും ബെവ്കോ പറയുന്നു. കമ്പനി വൃത്തങ്ങളും ഇതേ കാര്യം തന്നെയാണ് പറയുന്നത്.
അതേ സമയം, ബെവ്ക്യൂ ആപ്പിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന.
എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷ്ണർ, ബെവ്‌കോ എംഡി എന്നിവരടങ്ങുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് പിന്നാലെ എക്‌സൈസ് മന്ത്രി ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണും. മദ്യവിൽപന ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
Read Also: ‘ബെവ്ക്യു ആപ്പ് ഗൂഗിൾ റിജക്ട് ചെയ്തിട്ടില്ല’: ഫെയർകോഡ് ടെക്‌നോളജീസ് 24നോട്
നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോർക്കുക.
ആപ്പ് സജ്ജമായാൽ തൊട്ടടുത്ത ദിവസം തന്നെ മദ്യ വിൽപന തുടങ്ങാൻ തയാറാകാൻ ബെവ്‌കോ എംഡി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെയർ ഹൗസുകളിൽ നിന്ന് സ്‌റ്റോക്കുകൾ ബാറുകളിലേക്ക് എത്തിക്കുക, എക്‌സൈസ് വകുപ്പുകൾ കണക്കുകൾ തിട്ടപ്പെടുത്തുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ബാറുകൾ അണുവിമുക്തമാക്കുന്ന നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
Story Highlights: bevq app, corruption, opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here