Advertisement

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത: ജാ​ഗ്രതാ നിർദേശം; മത്സ്യബന്ധനത്തിന് നാളെ അർധരാത്രി മുതൽ പൂർണ വിലക്ക്

May 27, 2020
2 minutes Read
cyclone alert

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. അതോടൊപ്പം മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദം മെയ് 29 നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന‌ും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ നാളെ (മെയ് 28) മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചിരിക്കുന്നു. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.

ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കടൽ പ്രക്ഷുബ്ധമാകും എന്നതിനാൽ മത്സ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ കണ്ടത്തി കൊവിഡ് 19 പശ്ചാത്തലത്തിൽ ‘ഓറഞ്ച് ബുക്ക് 2020’ ലെ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കി വെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ തയാറാക്കി മത്സ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.

സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പൊതുവിൽ ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപൊഴുകി വീഴാനും ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെട്ടാൽ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കേണ്ടതാണ്.

Read Also:ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ നിർദേശിക്കുന്ന മുറയ്ക്ക് മാറിത്താമസിക്കേണ്ടതാണ്.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. ജില്ല EOC കൾ, താലൂക്ക് കൺട്രോൾ റൂമുകൾ, ഫിഷെറീസ്, കെഎസ്ഇബി, പൊലീസ് വകുപ്പുകളുടെ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. 1077 എന്ന ടോൾഫ്രീ നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

Story highlights-cyclone alert, Disaster Management Authority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top