Advertisement

കൊവിഡ്: പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

May 28, 2020
2 minutes Read
police checking

കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ജില്ലയിലൊട്ടാകെ ക്വാറന്റീനില്‍ ഉള്ളവരെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ശാരീരിക അകലം പാലിക്കാതെ പെരുമാറുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ വീടിന് പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അയല്‍വാസികളും, അധികൃതരും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജില്ലാ പൊലീസ് ആസ്ഥാനത്തിലെ കൊവിഡ് കണ്‍ട്രോള്‍ റൂം മൊബൈല്‍ നമ്പറായ 9497963100 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്.

വിവാഹങ്ങളില്‍ 50 പേരില്‍ കൂടുതലും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരില്‍ കൂടുതലും പങ്കെടുക്കുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തും. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവാഹം നടത്തിയവര്‍ക്കെതിരെയും പങ്കെടുത്തവര്‍ക്കെതിരെയും കേസ് എടുക്കുന്നതാണ്. ജില്ലയില്‍ പൊലീസിനെ കൂടാതെ 1000 സന്നദ്ധ പ്രവര്‍ത്തകരെ കൂടി പങ്കാളികളാക്കി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഓരോ വാര്‍ഡിലും കര്‍ശനമാക്കും. കൂടാതെ, പൊലീസ് സ്റ്റേഷന്‍ തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

Read Also:രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 18000 കടന്നു

മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്ന കാര്യവും മാസ്‌ക്ക് ധരിക്കുന്നതും ഉറപ്പാക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ വാഹനങ്ങളെ നിരീക്ഷിക്കും. ഉപഭോക്താക്കള്‍ അധികം വരുന്ന തുണിക്കടകള്‍, ജ്വല്ലറികള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുടെ പേരും ഫോണ്‍ നമ്പറും ദിവസേന രേഖപ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കി. ഇത് സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് സഹായകമാവും.

പരാതിക്കാര്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ട് എത്താതെ ഇ-മെയില്‍, വാട്‌സാപ്പ് എന്നിവ മുഖേന കൊവിഡ് കാലം കഴിയുന്നത് വരെ പരാതി നല്‍കാവുന്നതാണ്. ബീവറേജസ് ഔട്ട്‌ലെറ്റ്കളുടെ മുന്‍പിലും ബാറുകളിലും ടോക്കണ്‍ പ്രകാരമുള്ള ആളുകള്‍ മാത്രമേ എത്തുന്നുവെന്ന് ഉറപ്പ് വരുത്താനും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടക്കുന്ന സ്‌കൂളുകളില്‍ സുരക്ഷക്കായി 259 പൊലീസുകാരെയും 118 എന്‍സിസി വൊളന്റിയര്‍മാരെയും നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Story highlights-covid 19 Police inspection was tightened in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top