ഉത്ര കൊലപാതകം: പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും

ഉത്ര കൊലപാതക കേസിൽ സൂരജിന്റെ സഹായിയായ പാമ്പുപിടിത്തക്കാരനെ മാപ്പു സാക്ഷിയാക്കും. സൂരജിനെ പാമ്പുകളെ നൽകിയ ചിറക്കര സുരേഷിനെയാണ് മാപ്പുസാക്ഷിയാക്കുക. മജിസട്രേറ്റിനു മുന്നിൽ സുരേഷിന്റെ മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ പൊലീസ് ഈ മാസം 30 ന് കോടതിയെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സുരേഷാണ് ഉത്രയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജിന് പാമ്പിനെ കൈമാറുന്നത്. ഏപ്രിൽ 24ന് ഏനാത്ത് ജംഗ്ഷനിൽ വച്ചായിരുന്നു കൈമാറ്റം. അന്ന് ലോക്ക്ഡൗൺ ആയതിനാൽ പ്രദേശം ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. സമീപത്തെ കടകളിലെ സിസിടിവിയും പ്രവർത്തിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇരുവരെയും ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Read Also – ഉത്ര കൊലപാതകം: വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു
ചിറക്കര ഭാഗത്തെ വീടുകളിൽ നിന്നാണ് പാമ്പുകളെ പിടികൂടിയതെന്നും ഇതാണ് സൂരജിന് നൽകിയതെന്നുമാണ് സുരേഷിന്റെ മൊഴി. ഈ വീടുകളിലും സുരേഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇടത് കൈയ്യിൽ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. കേസിൽ പ്രതി സൂരജ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയിൽ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നിൽ നിന്ന് ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടിവന്നുവെന്നും സൂരജ് കൂട്ടിച്ചേർത്തു.
Story Highlights- uthra murder case suresh approver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here