Advertisement

സ്ഥാനമേറ്റെടുത്ത് 48 മണിക്കൂറിനുള്ളിൽ രാജിവച്ച മന്ത്രി; കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായി; എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതം

May 29, 2020
0 minutes Read

രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ് എം പി വീരേന്ദ്രകുമാറിന്റെ മരണത്തോടെ സംഭവിച്ചത്. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ രാഷ്ട്രീയബോധമുദിച്ച വീരേന്ദ്രകുമാറിനെ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെ മകൻ അച്ഛന്റെ വഴിയിലേയ്ക്ക് എത്തിയതിൽ തെറ്റുപറയാനില്ല.

എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി. മികച്ച വിദ്യാഭ്യാസം തേടി കേരളം വിട്ടെങ്കിലും രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കണമെന്ന ചിന്ത വീരേന്ദ്രകുമാറിന്റെ മനസിൽ എപ്പോഴുമുണ്ടായിരുന്നു.

1987 ൽ കേരള നിയമസഭാംഗമായ വീരേന്ദ്രകുമാർ വനംവകുപ്പ് മന്ത്രിയായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ നായനാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ച് വാർത്തകളിൽ ഇടംപിടിച്ചു. തുടർന്ന് പൂഞ്ഞാറിലൽ നിന്നുള്ള എൻ എം ജോസഫ് മന്ത്രിയായി. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. അടിയന്തരാവസ്ഥകാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

2009 ൽ വടകര ലോക്‌സഭാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സിപിഐഎമ്മുമായി പിണങ്ങി വീരേന്ദ്രകുമാർ മുന്നണി വിട്ടതും രാഷ്ട്രീയ കേരളം കണ്ടു. യു.ഡി.എഫിന്റെ ഭാഗമായി മാറിയ സോഷ്യലിസ്റ്റ് ജനതാദൾ പിന്നീട് നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിൽ ലയിച്ചെങ്കിലും നിതീഷും സംഘവും എൻ.ഡി.എയിലേക്ക് മടങ്ങിയപ്പോൾ വീരേന്ദ്രകുമാർ വിഭാഗം പാർട്ടി വിടുകയായിരുന്നു. തുടർന്ന് ശരത് യാദവിന്റെ നേതൃത്വത്തിൽ ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചു. യു.ഡി.എഫ് വിട്ട വീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണിയിൽ തിരിച്ചെത്തി. ഇടതുമുന്നണിക്കൊപ്പം ചേർന്നു നിൽക്കാനാണ് എന്നും താൽപര്യമെന്നായിരുന്നു വീരേന്ദ്രകുമാർ അന്ന് പറഞ്ഞത്.

ജെഡിയുവിടുകയും പുതിയ പാർട്ടി നിലവിലില്ലാതിരിക്കുകയും ചെയ്ത സന്ദർഭമായതിനാൽ രാജ്യസഭയിലേക്ക് ഇടതു സ്വതന്ത്രനായാണ് വീരേന്ദ്രകുമാർ ജയിച്ചത്. ഈ സാങ്കേതികത്വം കാരണമാണ് അദ്ദേഹത്തിന് പിന്നീട് ലോക്താന്ത്രിക് ദളിന്റെ ഭാഗമാകാനാകാതെ പോയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top