ഉത്ര വധക്കേസ്: സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം

ഉത്ര വധക്കേസിൽ സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ വനിതാകമ്മീഷൻ പൊലീസിന് നിർദേശം നൽകി. സ്ത്രീധനപീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ഏഴു ദിവസത്തിനകം പൊലീസ് റിപ്പോർട്ട് നൽകണമെന്നും വനിതാ കമ്മീഷൻ നിർദേശം നൽകി. അതേസമയം, ക്രൈംബ്രാഞ്ച് സംഘം രാവിലെ ഉത്രയുടെ വീട്ടിലെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സൂരജിൻ്റെ അമ്മയോടും സഹോദരിയോടും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ കേസിൽ സൂരജിനെതിരെ സുഹൃത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകി. കസ്റ്റഡിയിൽ ആകുന്നതിനു തലേദിവസം സൂരജ് കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. എന്തിനാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് പാമ്പിനെ വാങ്ങിയതും കൃത്യം നടത്തിയതും താനാണെന്ന് സൂരജ് പറഞ്ഞതായാണ് മൊഴി. എൽ ആൻഡ് ടി ഫിനാൻസ് ജീവനക്കാരനാണ് സുഹൃത്ത്. ഇയാളെ കൂടാതെ സൂരജിൻ്റെ രണ്ടു സുഹൃത്തുക്കളെയും സഹോദരിയുടെ സുഹൃത്തിനെയും ചോദ്യംചെയ്തു. ഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോർ ഉടമയുടേയും ജീവനക്കാരൻ്റേയും മൊഴി രേഖപ്പെടുത്തി.
Read Also:ഉത്ര കൊലക്കേസ്; സൂരജ് പാമ്പിനെ വാങ്ങിയ കാര്യം പറഞ്ഞിരുന്നുവെന്ന് സുഹൃത്തിന്റെ മൊഴി
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ജി മോഹൻരാജിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പി ഹരിശങ്കർ ഡിജിപിക്ക് കത്തുനൽകി. അഭിഭാഷകരായ എബ്രഹാം, ധീരജ് രവി എന്നിവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടൻ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാണ് പൊലീസ് ആവശ്യം.
Story highlights-police will case against sooraj’s parents and sister on uthra murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here