‘130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും’; ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ കത്ത്

കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയിൽപ്പെട്ട ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചദാർഢ്യത്തോടെയും തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും. ഇതിലൂടെ ലോകത്തെ ആശ്ചര്യപ്പെടുത്താനും പ്രചോദിപ്പിക്കാനും സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഈ അവകാശവാദം. ഒരു വർഷത്തിനുള്ളിൽ തന്റെ സർക്കാർ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും അദ്ദേഹം കത്തിൽ പ്രതിപാദിക്കുന്നുണ്ട്.
കൊറോണ മഹാമാരി കൂടുതൽ ബാധിക്കുക ഇന്ത്യയെ ആയിരിക്കുമെന്നാണ് ലോകം കണക്കുകൂട്ടിയതെന്നും എന്നാൽ, പൂർണമായ ആത്മവിശ്വാസത്തിലൂടെയും ഊർജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മറ്റിമറിക്കാൻ ഇന്ത്യക്ക് കഴിഞ്ഞെന്നും മോദി പറഞ്ഞു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും രാജ്യത്തെ ജനങ്ങളോടായി പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിർഭർ ഭാരത് അഭിയാനെ അടിസ്ഥാനമാക്കി സ്വയം ആശ്രയിക്കുന്നത് കാലത്തിന്റെ ആവശ്യമാണെന്നാണ് മോദി ജനങ്ങളോട് ചൂണ്ടിക്കാണിച്ചത്. സ്വന്തം കഴിവുകളെ അടിസ്ഥാനമാക്കി നമുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് ഒരു വഴിയേയുള്ളൂ, ആത്മനിർഭർ ഭാരത്, അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ. ഓരോ ഇന്ത്യക്കാരനെയും അവസരങ്ങളുടെ പുതിയൊരു യുഗത്തിലേക്ക് നയിക്കാൻ ആത്മനിർഭർ ഭാരതിന് കഴിയുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
താൻ രാവും പകലും ജോലി ചെയ്യുന്ന വ്യക്തിയാണെന്നും തന്നിൽ കുറവുകളുണ്ടാകുമെങ്കിലും രാജ്യത്തിന് കുറവൊന്നുമില്ലെന്നും പ്രധാനമന്ത്രി മോദി കത്തിൽ പറഞ്ഞു. തന്റെ ദൃഢനിശ്ചയത്തിനുള്ള കരുത്തിന്റെ ഉറവിടം ജനങ്ങളാണെന്നും ജനങ്ങളുടെ പിന്തുണയും അനുഗ്രഹവും വാത്സല്യവുമാണെന്നും മോദി പറഞ്ഞു.
കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഐക്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതിവച്ചു നോക്കുമ്പോൾ, സാമ്പത്തിക പുനരുജ്ജീവനത്തിലും നാം ഒരു മാതൃക കാണിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നാണ് കത്തിൽ മോദി പ്രതീക്ഷപ്രകടിപ്പിക്കുന്നത്. 130 കോടി ഇന്ത്യക്കാർക്ക് സാമ്പത്തിക നേഖലയിൽ അവരുടെ ശക്തിപ്രകടിപ്പിച്ച് ലോകത്തെ അത്ഭുതപ്പെടുത്താൻ മാത്രമല്ല, പ്രചോദിപ്പിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗോള മഹാമാരി കാരണം ഇതൊരു പ്രതിസന്ധികാലമാണെങ്കിലും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഉറച്ച പരിഹാരത്തിനുള്ള സമയമാണ്. ഞങ്ങൾ പുരോഗതിയുടെ പാതയിൽ മുന്നോട്ടു പോകും, വിജയം നമ്മുടേതായിക്കും; കത്ത് അവസാനിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Story highlights-‘130 crore Indians will have financial strength’ PM’s letter to the people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here