ശല്യം ഒഴിവാക്കാൻ പുതുവഴി; വെട്ടുകിളിയെ പിടിച്ച് ബിരിയാണി ഉണ്ടാക്കി ഗ്രാമവാസികൾ

രാജ്യത്തെ വെട്ടുകിളി ശല്യം രൂക്ഷമാവുകയാണ്. അയൽരാജ്യമായ പാകിസ്താനിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. അവിടെ അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. വെട്ടുകിളി ശല്യം എങ്ങനെ ഒഴിവാക്കുമെന്ന് ഭരണകൂടം തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് താർ ഗ്രാമത്തിലെ അന്തേവാസികൾ വ്യത്യസ്തമായ ഒരു ഐഡിയ പരീക്ഷിച്ചത്. തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നവനെ പിടിച്ച് കഞ്ഞിവെക്കുക എന്നതായിരുന്നു ഐഡിയ. അതെ, വെട്ടുകിളിയെ പിടിച്ച് ബിരിയാണിയും കറികളുമൊക്കെ തയ്യാറാക്കി കഴിക്കുകയാണ് അവർ.
Read Also: ഉത്തരേന്ത്യയിലെ വെട്ടുകിളി ശല്യം; ഡ്രോണുകളെ ഉപയോഗിക്കാൻ തീരുമാനം
ഗ്രാമത്തിലെ ചില റെസ്റ്റോറൻ്റുകൾ വെട്ടുകിളി ബിരിയാണിയും കറികളും ഉണ്ടാക്കി വില്പനയും തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് വെട്ടുകിളിയെ പാചകം ചെയ്യേണ്ടതെന്ന് ഒരു റെസ്റ്റോറൻ്റ് ഉടമ വിവരിക്കുകയും ചെയ്തു. ഈ റെസിപ്പിക്കായി സമൂഹമാധ്യമങ്ങളിൽ പരക്കം പാച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേ സമയം, ഇന്ത്യയിലെ വെട്ടുകിളി ശല്യത്തെ തടുക്കാൻ ഡ്രോണുകളെ ഉപയോഗിക്കാൻ തീരുമാനമായിരുന്നു. കൃഷിയ്ക്ക് കനത്ത നാശമുണ്ടാകുന്ന വെട്ടുകിളികളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ശക്തമാക്കിയതായി കേന്ദ്രം അറിയിച്ചു. വെട്ടുകിളികൾക്ക് എതിരെയുള്ള കീടനാശിനി ഡ്രോണുകൾ ഉപയോഗിച്ച് തെളിക്കും.
Read Also: വെട്ടുകിളി ശല്യം രൂക്ഷം; പാകിസ്താനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഏപ്രിൽ 11നാണ് ഇന്ത്യയിൽ വെട്ടുകിളി ശല്യം തുടങ്ങുന്നത്. ഫെബ്രുവരിയിൽ പാകിസ്താനിൽ വെട്ടുകിളി ശല്യം രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യയിൽ ശല്യം തുടങ്ങിയത്. നിലവിൽ പടിഞ്ഞാറേ ഇന്ത്യയിലാണ് ഇവ ഉള്ളതെങ്കിലും ഏറെ വൈകാതെ ഡൽഹിയിലും വെട്ടുകിളി ശല്യം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നു. സാധാരണയിലും ഉയരത്തിലാണ് ഇപ്പോൾ വെട്ടുകിളികൾ പറക്കുന്നതെന്നും അതുകൊണ്ട് തന്നെ അവയെ നിയന്ത്രിക്കുക ശ്രമകരമാണെന്നും കൃഷി മന്ത്രാലയം പറയുന്നു.
ഇന്ത്യയിൽ 27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി 23 രാജ്യങ്ങളെയാണ് വെട്ടുകിളി ശല്യം ബാധിച്ചിരിക്കുന്നത്. ഇത് 70 വർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണെന്ന് ലോകബാങ്ക് വ്യക്തമാക്കിയിരുന്നു.
Story Highlights: Locust biryani in pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here