കാസർഗോഡ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് വയസുള്ള പെൺകുട്ടിയുൾപ്പെടെ 14 പേർക്ക്

കാസർഗോഡ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ 14 പേർക്ക്. ഇതോടെ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി. 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 12 പേരും മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. രണ്ടു പേർ ഖത്തറിൽ നിന്നും നാട്ടിലെത്തിയിട്ടുള്ളവരാണ്. രോഗം സ്ഥിരീകരിച്ച മൂന്നു വയസുകാരിയുടെ മാതാവിനെ മെയ് 28ന് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ മെയ് 19ന് ഖത്തറിൽ നിന്നും വന്നവരാണ്. മെയ് 18 ന് ഖത്തറിൽ നിന്ന് വന്ന 36 വയസുള്ള മധുർ സ്വദേശിയാണ് ഇന്ന് സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്നു വന്ന മറ്റൊരാൾ.
കാസർഗോഡ് നഗരസഭായിലെയും ബദിയടുക്ക, ചെമ്മനാട്, ചെറുവത്തൂർ, പൈവളികെ പഞ്ചായത്തുകളിലെയും ഒരോരുത്തർ വീതവും കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ 2 പേരും മീഞ്ച പഞ്ചായത്തിലെ 3 പേരുമാണ് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്നും വന്നവർ. ഇതിൽ 11 പേർ വിവിധ ദിവസങ്ങളിൽ ബസിലും ഒരാൾ ടാക്‌സിയിലുമാണ് നാട്ടിലെത്തിയത്. ഇതോടെ മൂന്നാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച 112 പേരിൽ മഹാരാഷ്ട്രയിൽ നിന്നു വന്നവരുടെ എണ്ണം 80 ആയി.
ജില്ലയിൽ 3114 പേർ വീടുകളിലും 652 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇനി 393 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
Story highlight: covid today confirmed 14 persons, including a three-year-old girl, in Kasargod district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here