പത്തനാപുരത്ത് കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരുക്കേറ്റു

പത്തനാപുരം പൂമരുതിക്കുഴിയിൽ കാട്ടാന ആക്രമണം. വാർഡ് മെമ്പർ ഉൾപ്പടെ രണ്ട് പേർക്ക് പരുക്ക്. പാടം പൂമരുതിക്കുഴി സ്വദേശികളായ രാജേന്ദ്രൻ, വാർഡ് മെമ്പർ സജീവ് റാവുത്തർ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് വനംവകുപ്പ് അധികൃതരെ നാട്ടുകാർ തടഞ്ഞു വച്ചു.
പത്തനാപുരം പാടം പൂമരുതിക്കുഴിയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റത്. പൂമരുതിക്കുഴി അരുണോധയത്തിൽ രാജേന്ദ്രൻ, കലഞ്ഞൂർ ഗ്രാമപഞ്ചായത്തംഗമായ സലാം മൻസിലിൽ സജീവ് റാവുത്തർ എന്നിവർക്കാണ് പരുക്കേറ്റത്.
Read Also: കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ആനയിറങ്ങിയതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൂമരുതിക്കുഴി ജംഗ്ഷനിലേക്ക് ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന ഇരുവരും കാട്ടാനയുടെ മുന്നിൽ ചെന്ന് പെടുകയായിരുന്നു. ചക്ക തിന്നു കൊണ്ടിരുന്ന കാട്ടാന തുമ്പിക്കൈ വീശി ഇരുചക്ര വാഹനം അടിച്ചിട്ടു. ആനയുടെ അടിയേറ്റ് ജീവഭയംകൊണ്ട് ഓടുന്നതിനിടയിലും രാജേന്ദ്രനും സജീവിനും വീണ് പരുക്കേൽക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചെവിക്കും കാലിനും പരുക്കേറ്റ പഞ്ചായത്തംഗത്തെ കോന്നിയിലെ സർക്കാർ ആശുപതിയിൽ പ്രവേശിപ്പിച്ചു. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘത്തെ നാട്ടുകാർ തടഞ്ഞു വെച്ചു. പുലിയും കാട്ടാനയുമടക്കമുളള വന്യമൃഗങ്ങളുടെ ശല്ല്യത്താൽ ഭീതിയുടെ നിഴലിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ പത്തനംതിട്ട റാന്നിയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ട്രൈബൽ വാച്ചർ കൊല്ലപ്പെട്ടു. ളാഹ സ്വദേശി ആഞ്ഞിലിമൂട്ടിൽ ബിജു ആണ് മരിച്ചത്. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തിലാണ് ഫോറസ്റ്റ് വാച്ചർ മരിച്ചത്. ആനയെ വിരട്ടി ഓടിക്കാൻ ജനവാസ കേന്ദ്രത്തിന് സമീപത്തെ കാട്ടിൽ കയറിയ ബിജുവിനെ ആന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയിൽ ബിജുവിന് ആനയുടെ കുത്തേറ്റു. റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Story Highlights: elephant attack pathanapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here