സമ്പന്നനാകാൻ മന്ത്രവാദിനിയുടെ വാക്കുകേട്ട് മകളെ കൊന്നു; പിതാവ് അറസ്റ്റിൽ

സമ്പന്നനാകാൻ മന്ത്രവാദിനിയുടെ നിർദേശപ്രകാരം മകളെ കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് കൊലപാതകം നടന്നത്. കർഷകനായ പനീർസെൽവമാണ് 14കാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
കഴിഞ്ഞ മാസം 18നാണ് സംഭവം നടന്നത്. വീടിന് സമീപത്തെ യൂകാലിപ്സ് തോട്ടത്തിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടി പിന്നീട് മരിച്ചു. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പനീൽസെൽവം കുറ്റം സമ്മതിച്ചു. സമ്പന്നനാകാൻ മകളെ ബലി നൽകണമെന്ന് മന്ത്രവാദിനി നിർദേശിച്ചു. ഇതനുസരിച്ച് ബന്ധു രവിയുമായി ചേർന്ന് മകളെ കഴുത്തു ഞെരിച്ച് മൃതപ്രായയാക്കി യൂക്കാലിപ്സ് തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളുമായി ചേർന്ന് മകളെ അന്വേഷിച്ചു. മകളെ കണ്ടെത്തിയപ്പോൾ ഒന്നും അറിയാത്ത രീതിയിൽ അഭിനയിച്ചുവെന്നും പനീർസെൽവം വെളിപ്പെടുത്തി. രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മന്ത്രവാദിനിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
story highlights- murder