വിരമിക്കുന്നതിന് തൊട്ടുമുൻപ് ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്രയിൽ ദുരൂഹത: രമേശ് ചെന്നിത്തല

സര്‍വീസില്‍ നിന്നുവിരമിക്കുന്നതിന് ഒരുദിവസം മുന്‍പ് ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്ടര്‍ യാത്രയില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണല്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ വില്‍പന നടത്തനായിരുന്നു യാത്ര. മുഖ്യമന്ത്രിയുടെ ആറുമണിത്തള്ള് ബഡായി ബംഗ്ലാവ് തന്നെയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണലാണ് 2018ലെ പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയത്. കണ്ണൂരിലെ കേരള ക്ലെയ്‌സ് ആന്‍ഡ് സിറാമിക് പ്രോഡക്ട് എന്ന പൊതുമേഖലാ സ്ഥാപനത്തിന് മണ്ണുനീക്കാന്‍ കരാര്‍ നല്‍കി. സൗജന്യമായാണ് സിപിഐഎം ജില്ലാസെക്രട്ടേറിയറ്റംഗം ഗോവിന്ദന്‍ ചെയര്‍മാനായ സ്ഥാപനത്തിന് മണലും ചെളിയും നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഇവ ഉപയോഗിക്കുമോ എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. പദ്ധതിക്ക് പിന്നില്‍ കച്ചവട താത്പര്യങ്ങളുണ്ടെന്നത് വ്യക്തമാണ്. സ്പ്രിംഗ്‌ളറിലേയും ബെവ്ക്യൂ ആപ്പിലേയും കച്ചവടങ്ങള്‍ തടസപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി തനിക്കെതിരെ തിരിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വിക്ടേഴ്‌സ് ചാനല്‍ ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. വി.എസിന്റെ വാദം തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

story highlights- ramesh chennithala, tom jose, dgp loknath behra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top