പാലക്കാട് ആന കൊല്ലപ്പെട്ട സംഭവം; സമൂഹമാധ്യമങ്ങളിൽ മലപ്പുറത്തിനും മുസ്ലിങ്ങൾക്കുമെതിരെ വിദ്വേഷ പ്രചാരണം

പാലക്കാട് ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലക്കും മുസ്ലിങ്ങൾക്കുമെതിരെ വിദ്വേഷ പ്രചാരണം. ബിജെപി നേതാവും മൃഗാവകാശ പ്രവർത്തകയുമായ മനേകാ ഗാന്ധിയുടെ ട്വീറ്റിലാണ് പ്രധാനമായി ജില്ലക്കെതിരെയും മുസ്ലിങ്ങൾക്കെതിരെയും വിദ്വേഷ പ്രചാരണം നടക്കുന്നത്. പാലക്കാട് നടന്ന സംഭവം മലപ്പുറത്തേതാക്കി, അതിനെ മുസ്ലിങ്ങളുമായി ബന്ധപ്പെടുത്തുന്ന മറുപടികളാണ് ഈ ട്വീറ്റിൽ നിറയുന്നത്.
Read Also: ഗര്‍ഭിണിയായ ആനയുടെ കൊലപാതകം; മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി മനേകാ ഗാന്ധി
മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും കേരളത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ആന കൊല്ലപ്പെടുമെന്നും മനേകാ ഗാന്ധി ട്വീറ്റിലൂടെ ആരോപിച്ചിരുന്നു. ഇതിനു താഴെയാണ് സ്ഥാപിത താത്പര്യക്കാർ മറുപടി ട്വീറ്റുകളുമായി രംഗത്തെത്തുന്നത്. മലപ്പുറത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ അനുമതിയില്ലെന്നാണ് ഒരു യൂസറുടെ നുണ ട്വീറ്റ്.
ഉയർന്ന സാക്ഷരത ഉണ്ടായിട്ട് കാര്യമില്ലെന്ന് മറ്റു ചിലർ പറയുന്നു. ചിലർ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് നടപടി എടുക്കാൻ എന്താണ് താമസം എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഫേസ്ബുക്കിലും എഎൻഐയുടെ ട്വീറ്റിനു താഴെയും സമാനമായ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.
അതേ സമയം, സംഭവം നടന്നത് മലപ്പുറത്തല്ലെന്നും പാലക്കാട് ആണെന്നും മലയാളികൾ വിശദീകരിക്കുന്നുണ്ട്.
Read Also: കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ സ്ഫോടക വസ്തു കെണിയിൽപെട്ട കാട്ടാനയ്ക്ക് ദാരുണാന്ത്യം
മെയ് 27നാണ് ആന മരണപ്പെട്ടത്. 25ന് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്. പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് എന്ന സ്ഥലത്താണ് സംഭവം നടന്നത്. പോസ്റ്റ്മാർട്ടത്തിലാണ് ആന ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയത്.
Story Highlights: elephant murder hate mongering against malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here