‘സ്വന്തം ഭർത്താവിന്റെ അടുത്ത് പോലും സ്ത്രീ സുരക്ഷിതമല്ലെന്ന അവസ്ഥയുണ്ടാകാൻ പാടില്ല’; കഠിനംകുളം പീഡനത്തിൽ കർശന നടപടിയെടുക്കാൻ ഡിജിപിയോടാവശ്യപ്പെട്ടെന്ന് ആരോഗ്യമന്ത്രി

kk shailaja asks dgp strong action katinamkulath rape

കഠിനംകുളത്ത് ഭർത്താവും കൂട്ടാളികളും ചേർന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഡിജിപിയോടാവശ്യപ്പെട്ടു. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ് കഠിനംകുളത്ത് നടന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുടെ മുമ്പിൽ വച്ചാണ് ക്രൂരത നടന്നതെന്നാണ് പറയുന്നത്. സ്വന്തം ഭർത്താവിന്റെ അടുത്ത് പോലും സ്ത്രീ സുരക്ഷിതമല്ലെന്ന അവസ്ഥയുണ്ടാകാൻ പാടില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അത്തരക്കാർക്ക് കഠിന ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

കേസിൽ അഞ്ച് പ്രതികളെയും ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ അറസ്റ്റും രേഖപ്പെടുത്തി. നാളെ കോടതിയിൽ ഹാജരാക്കും.

Read Also : കഠിനംകുളം പീഡനം: പീഡനത്തിന് തലേദിവസം പ്രതി രാജൻ ഭർത്താവിന് പണം നൽകിയെന്ന് യുവതി

കഠിനംകുളത്തിന് സമീപം വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞാണ് യുവതിയെ ഭർത്താവ് അൻസാർ കൊണ്ടുവന്നത്. രാജന്റെ വീട്ടിൽ മൻസൂർ, അക്ബർ ഷാ, അർഷാദ്, നൗഫൽ എന്നിവർ മദ്യപിച്ചിരിക്കുകയായിരുന്നു. യുവതിക്ക് ഭർത്താവ് ബലമായി മദ്യം നൽകിയ ശേഷം സുഹൃത്തുക്കൾക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയെന്നാണ് മൊഴി. രക്ഷപ്പെട്ട യുവതിയെ പുറത്തുള്ള ഓട്ടോറിക്ഷയിൽ വലിച്ചുകയറ്റി. ചാന്നാങ്കര പത്തേക്കർ എന്ന സ്ഥലത്തെ വിജനമായ പറമ്പിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.

അവശനിലയിൽ ഉപേക്ഷിച്ച യുവതിയെ അതുവഴി വന്നവരാണ് വീട്ടിലെത്തിച്ചത്. ഭർത്താവ് അൻസാറിന് പുറമേ മൻസൂർ, അക്ബർ ഷാ, അർഷാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പള്ളിപ്പുറം സ്വദേശി നൗഫലിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. മുൻപും മകളെ അൻസാർ ഉപദ്രവിക്കുമായിരുന്നെന്ന് യുവതിയുടെ അമ്മ പറഞ്ഞു.

നേരത്തെ കഞ്ചാവ് കേസുകളിലും വാഹനം വാടകക്ക് എടുത്ത് മുങ്ങിയ കേസിലുമൊക്കെ അൻസാർ പ്രതിയാണ്. ഭർത്താവിന്റെ മർദനത്തെ തുടർന്ന് പല തവണ യുവതി സ്വന്തം വീട്ടിൽ അഭയം തേടിയിട്ടുണ്ട്. കുട്ടിയുടെ സാന്നിധ്യത്തിൽ അതിക്രമം നടത്തിയതിന് പോക്‌സോ പ്രകാരവും പ്രതികൾക്കെതിരെ കേസെടുക്കും.

Story Highlights- kk shailaja, gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top