മുന്നണി വിപുലീകരണ സാധ്യത ശൈശവ ദിശയിൽ: കോടിയേരി

പി ജെ ജോസഫ് – ജോസ് കെ മാണി തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അതൃപ്തരെ ഒപ്പം കൂട്ടാനുളള സാധ്യതകൾ വിലയിരുത്തി ഇടത് മുന്നണി. കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും മുന്നണി വിപുലീകരണ സാധ്യതകൾ ശൈശവദിശയിലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പരാജയഭീതിയാണ് മുന്നണി വിപുലീകരണമെന്ന ആശയത്തിലേക്ക് സിപിഐഎമ്മിനെ എത്തിച്ചതെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം.
കേരളാ കോൺഗ്രസ് എമ്മിലെ ഇരുവിഭാഗത്തെയും ഒപ്പം നിർത്താനുളള കഠിനപ്രയത്‌നത്തിലാണ് യുഡിഎഫ് നേതൃത്വം. എന്നാൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുളള പി ജെ ജോസഫ് – ജോസ് കെ മാണി തർക്കത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ജോസ് കെ മാണി എത്ര കണ്ട് അംഗീകരിക്കുമെന്നത് മുന്നണി നേതൃത്വം സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്.
Read Also:കോട്ടയത്തെ അധികാര തർക്കം: പ്രസിഡന്റ് രാജി വച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും: പി ജെ ജോസഫ്
സ്വന്തം തട്ടകത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയാണ്. അതുകൊണ്ടുതന്നെ കേരളാ കോൺഗ്രസ് എമ്മിൽ ഒരു പൊട്ടിത്തെറിക്കുളള സാധ്യത ഇടത് മുന്നണി മുന്നിൽക്കാണുന്നുണ്ട്. ഇരുവിഭാഗത്തിന്റെയും നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്ന നേതൃത്വം മുന്നണി വിപുലീകരണ സാധ്യതയും തളളുന്നില്ല.
യുഡിഎഫ് ഘടകകക്ഷികളിൽ കണ്ണുനട്ടിരിക്കുന്ന ഇടത് മുന്നണിയുടെ നീക്കത്തോട് കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചു. മുന്നണിയിൽ ഇനിയൊരു കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള നീക്കങ്ങൾ യുഡിഎഫും സജീവമാക്കിയിട്ടുണ്ട്. സഭാ നേതൃത്വത്തെ ഉൾപ്പെടെ രംഗത്തിറക്കി ജോസ് കെ മാണിയെ അനുനയിപ്പിക്കാനും ശ്രമങ്ങൾ തുടരുകയാണ്.
Story highlights-kodiyeri balakrishnan about kerala congress m internal clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here