കോട്ടയത്തെ അധികാര തർക്കം: പ്രസിഡന്റ് രാജി വച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും: പി ജെ ജോസഫ്

കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര തർക്കത്തിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ജോസ് പക്ഷം ഇന്ന് പ്രസിഡന്റ് പദവി രാജിവച്ചില്ലെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ്. പദവി കൈമാറ്റത്തിന് ധാരണ ഉണ്ടായിരുന്നെന്നും തർക്കം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
അവസാന ആറുമാസക്കാലം ജോസഫ് പക്ഷത്തിന് പ്രസിഡന്റ് പദവിയെന്ന ധാരണ ജില്ലാ പഞ്ചായത്തിൽ നിലവിലില്ല എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. എന്നാൽ കെ എം മാണിയുടെ മരണശേഷം പാർട്ടി പിളർന്നപ്പോൾ ഈ കരാർ നിർദേശിച്ച നേതാക്കൾ ഉൾപ്പെടെ ജോസഫിന് അനുകൂലമായി രംഗത്തെത്തി. യുഡിഎഫിന് പിന്നാലെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ജോസ് കെ മാണി വിഭാഗത്തോട് രാജി ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അന്ത്യ ശാസനവുമായി പി ജെ ജോസഫ് രംഗത്തെത്തിയത്. ഇന്ന് രാജി ഉണ്ടായില്ലെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും ജോസഫ് വ്യക്തമാക്കി.
Read Also:പി.ജെ ജോസഫ-ജോസ് കെ. മാണി തർക്കത്തിൽ ജോസഫിന് അനുകൂല നിലപാടുമായി കോൺഗ്രസ്
ജോസ് കെ മാണിയുടെ ഈ നിലപാടിനെ തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. ജില്ലാ പഞ്ചായത്തിൽ ധാരണ ഉണ്ടെന്ന് വ്യക്തമാക്കിയ തിരുവഞ്ചൂർ പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുകയാണെന്നും അറിയിച്ചു. എന്നാൽ കെ എം മാണിയുടെ കാലത്ത് യുഡിഎഫുമായി ഉണ്ടാക്കിയ ധാരണ മാത്രമാണ് ഉള്ളതെന്ന നിലപാടിലാണ് ജോസ് വിഭാഗം. പദവി രാജിവയ്ക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു. കേരള കോൺഗ്രസുകളുടെ മുന്നണി മാറ്റ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രശ്‌നപരിഹാരം വൈകുന്നത് യുഡിഎഫിന് പുതിയ തലവേദന ആവുകയാണ്. ഇരുപക്ഷത്തേയും മുന്നണിയിൽ ഒന്നിച്ചു കൊണ്ടുപോകാനുള്ള ആലോചനകളിലാണ് കോൺഗ്രസ് നേതൃത്വം.
Story highlights-pj joseph responds to kottayam district pachayath president position clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here