മുന്നോട്ടുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും എല്ലാവരും ഒരുമിച്ചുനില്‍ക്കണം: മന്ത്രി കെ.രാജു

k raju minister

മുന്നോട്ടുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. കൊവിഡ് പ്രതിരോധത്തിനായുള്ള വാര്‍ഡ്തല കര്‍മസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹകരണം കൂടുതലായി ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികളുമായും രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുമായും കളക്ടറേറ്റില്‍ നിന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാതലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സര്‍വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. പത്തനംതിട്ട ജില്ലയുടെ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പൊതുവില്‍ സംതൃപ്തി രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും രോഗവ്യാപനം തടയുന്നതിലുള്ള പ്രവര്‍ത്തനങ്ങളിലും പത്തനംതിട്ട ജില്ല അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രത തുടരണം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാണ്. കൂടുതല്‍ പേര്‍ എത്തുന്നത് കണക്കിലെടുത്ത് ആവശ്യത്തിന് ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നിരീക്ഷണ സമിതി യോഗം എംഎല്‍എമാരുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ വിലയിരുത്തും. കൊവിഡ് കെയര്‍ സെന്ററുകളില്‍ വോളന്റീയര്‍മാരുടെ കുറവുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്ത തങ്ങളുടെ പ്രവര്‍ത്തകരെ സഹകരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മുന്‍കൈ എടുക്കണം. മഴ, പ്രകൃതി ക്ഷോഭം, മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തിതുടങ്ങിയതോടെ കൊവിഡ് രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കൊവിഡിന് ഒപ്പം ജീവിച്ചുപോകാനേ നമ്മുക്ക് കഴിയൂ. നമ്മുടെ ജീവിതരീതികളില്‍ മാറ്റം വരുത്തിയാകണം മുന്നോട്ടുള്ള ജീവിതം. ആളുകളുമായി സമ്പര്‍ക്കം ഒഴിവാക്കി മാസ്‌ക്ക്, സാനിടൈസര്‍, അതുപോലെ തന്നെ കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകല്‍ എന്നിവ ശീലമാക്കണം. സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ എല്ലാവരും ശാരീരിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ക്വാറന്റീനില്‍ കഴിയുവാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും വീടുകളിലെ റൂമില്‍ തന്നെ കഴിയണം. വീട്ടുകാരും ഇക്കാര്യം ശ്രദ്ധിക്കണം. റൂം ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് വാര്‍ഡ്തല സമിതികളും ഉറപ്പുവരുത്തണം. പോലീസും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കും. അതത് സ്ഥലത്തെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഇത് ശ്രദ്ധിക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നതും ഉറപ്പു വരുത്തണം. സൗകര്യമില്ലാത്തവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കൊപ്പം എംഎല്‍എ മാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി തുടങ്ങിയ ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Story Highlights: prevention of Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top