പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് സർക്കാർ വിശദീകരണം. അതേസമയം, നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി എത്തി.

പ്രളയ സാധ്യത മുൻനിർത്തി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇക്കൊല്ലത്തെ പ്രളയം നേരിടാൻ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിച്ചുവെന്ന് കോടതിയെ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്. അത്തരം മഴ ഉണ്ടായാലും ഡാമുകൾ തുറക്കേണ്ടിവരില്ല.

Read Also:സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും; മുഖ്യമന്ത്രി

ഇടുക്കി ഡാമിൽ അടക്കം ജലനിരപ്പ് സാധാരണ അളവിൽ താഴെ മാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ടെന്നും സർക്കാർ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തരം പരിശോധന നടക്കുന്നുവെന്നുണ്ടന്നും സർക്കാർ വിശദീകരിച്ചു. ഇതിനിടെ നദികളിലെ മണൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജോബി സെബാസ്റ്റ്യൻ എന്നയാൾ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. മണൽ നീക്കം ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പ്രളയകാലത്ത് നദികളിൽ നിക്ഷേപിക്കപ്പെട്ട മണൽ നീക്കാൻ ഉടൻ നിർദ്ദേശമുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Story highlights-The government has told the High Court that the state is fully equipped to deal with the flood

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top