അഞ്ചല്‍ ഉത്ര കൊലക്കേസ്; സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് ഉടനില്ല

അഞ്ചല്‍ ഉത്രാ വധക്കേസില്‍ സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് ഉടനില്ല. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. ഉത്രയുടെ വീട്ടുകാര്‍ സൂരജിന് നല്കിയ മുഴുവന്‍ സ്വര്‍ണങ്ങളെ കുറിച്ചും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സൂരജ് മാത്രമാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. സുരേന്ദ്രനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ടാംപ്രതി സുരേഷിനെ നേരത്തെ തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്നലെ മണിക്കൂറുകള്‍ നീണ്ട സൂരജിന്റെ അമ്മയുടേയും സഹോദരിയുടേയും ചോദ്യംചെയ്യലില്‍ ഇവരുടെ അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല.
വീട്ടുകാരും ഉത്രയും തമ്മില്‍ പല തവണയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളതായി അന്വേഷണസംഘത്തോട് ഇവര്‍ സമ്മതിച്ചു. സൂരജിന് ചെറുപ്പം മുതല്‍ വന്യമൃഗങ്ങളോട് അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാമ്പിനെ വീട്ടില്‍ കൊണ്ടുവരുന്നതില്‍ അസ്വഭാവികത തോന്നിയിട്ടില്ലെന്നും അമ്മയും സഹോദരിയും മൊഴിനല്‍കി. ഉത്രയുടെ പിതാവ് സൂരജിന് നല്കിയ മൂന്നു പവന് സ്വര്‍ണാഭരണങ്ങളും ഇവര്‍ പൊലീസിന് മുന്നില്‍ ഹാജരാക്കി. കൊലപാതകത്തില്‍ പങ്കില്ലെന്ന് അമ്മയും മകളും പൊലീസിനോട് കരഞ്ഞു പറഞ്ഞു. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തെളിവുകള്‍ സമാഹരിച്ച ശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
നേരത്തെ കണ്ടെത്തിയതിന്റെ ബാക്കി സ്വര്‍ണം എവിടെ എന്ന ചോദ്യത്തിനും അന്വേഷണസംഘത്തിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൂരജിന്റെ അച്ഛന് ഓട്ടോറിക്ഷ വാങ്ങാനായി 21 പവന് പണയം വെച്ചു. 15 പവന് സ്വര്‍ണം വിറ്റതിന്റേയും തെളിവുകള്‍ ലഭിച്ചു. അടുത്ത രണ്ടു ദിവസം കൂടി സൂരജ് പൊലീസ് കസ്റ്റഡിയില്‍ തുടരും. പിന്നാലെ സൂരജിനേയും സുരേഷിനെയും വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങും.
Story Highlight: Anchal Uthra murder case arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here