Advertisement

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

June 6, 2020
Google News 3 minutes Read
highcourt

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അണക്കെട്ടുകൾ അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ല. 2018ലെ പ്രളയത്തിന് കാരണം ഡാമുകൾ തുറന്നുവിട്ടതാണെന്ന വാദം തെറ്റാണ്. അതിവർഷം മൂലമാണ് പ്രളയമുണ്ടായതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

അതിവർഷ സാധ്യതകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. മുന്നൊരുക്കമില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് 2018-ൽ പ്രളയമുണ്ടാകാൻ കാരണമായതെന്ന പ്രചാരണം തെറ്റാണെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ആവർത്തിക്കുന്നു. കേന്ദ്രജല കമ്മീഷന്റെ പഠനങ്ങൾക്ക് വിരുദ്ധമാണ് ഈ വാദം. ഐഎംഡി അടക്കമുള്ള ഒരു ഏജൻസികളും അതിവർഷം 2018 ഓഗസ്റ്റ് മാസത്തിന് മുൻപ് പ്രവചിച്ചിരുന്നില്ല. മുൻപ് 1924-ലാണ് സമാന അളവിലുള്ള അതിവർഷമുണ്ടായത്. ഐഎംഡിയുടെ കാലവസ്ഥാ പ്രവചനമനുസരിച്ച് ഇക്കുറി ഡാമുകൾ തിടുക്കത്തിൽ തുറക്കേണ്ടതില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിരീക്ഷിക്കുന്നുണ്ട്. പ്രത്യേക റൂൾ കെർവ് തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മഴയുടെ ലഭ്യത ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ട്.

Read Also:എറണാകുളം ജില്ലയിലെ അണക്കെട്ടുകളില്‍ സുരക്ഷിത ജലനിരപ്പ്

നിലവിൽ സംഭരണ ശേഷിയുടെ 23.9 ശതമാനം ജലം മാത്രമാണ് കെഎസ്ഇബിയുടെ ഡാമുകളിലുള്ളത്. ഇടുക്കി ഡാമിലെ ജലനിരപ്പ് സാധാരണഗതിയിലാണ്. 62.7 ശതമാനമാണ് നിലവിലെ ജലനിരപ്പ്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ഡാമുകളിൽ സംഭരണ ശേഷിയുടെ 31 ശതമാനം ജലമാണുള്ളത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമീകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ തമിഴ്നാട് തയാറാകുന്നില്ല. 2014 മുതൽ വിവരകൈമാറ്റം നടക്കുന്നില്ല. ഇത് നിരന്തരമായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

Story highlights-The government has told the High Court that there is no basis for concerns over water levels in dams in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here