കോക്കോണിക്സ് ഓൺലൈൻ വിപണിയിൽ

കേരളത്തിൻ്റെ സ്വന്തം ലാപ്‌ടോപ്പ് ബ്രാൻഡായ കോക്കോണിക്സ് ഓൺലൈൻ വിപണിയിൽ. ഒൺലൈൻ വില്പന ശൃംഖലയായ ആമസോണിലാണ് ലാപ്ടോപ്പ് വില്പനക്കെത്തിയിരിക്കുന്നത്. 2 മോഡലുകളാണ് ആമസോണിൽ ഉള്ളത്. കോക്കോണിക്സിൻ്റെ വെബ്സൈറ്റിൽ നിന്ന് പ്രീഓർഡർ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ആകെ 8 മോഡലുകളാണ് കോക്കോണിസ് പുറത്തിറക്കിയിരിക്കുന്നത്.
കോക്കോണിക്സ് എനാബ്‌ളർ സി1314 ആണ് ആമസോണിലുള്ള ഒരു മോഡൽ. ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിന് 8 ജിബി റാമും 1 ടിബി ഹാർഡ് ഡിസ്കും കരുത്തു പകരുന്നു. ഇൻ്റൽ ഡ്യുവൽ കോർ ഐ3 ആണ് പ്രൊസസർ. 29250 രൂപയാണ് വില. കോക്കോണിക്സ് എനാബ്‌ളർ സി1314 ഡബ്ല്യു ആണ് മറ്റൊരു മോഡൽ. എനാബ്‌ളർ സി1314ൽ നിന്ന് ചില വ്യത്യാസങ്ങൾ ഈ മോഡലിനുണ്ട്. ഇത് പ്രവർത്തിക്കുന്നത് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാർഡ് ഉൾപ്പെടുത്തിയ മോഡലാണ് ഇത്. 35680 രൂപയാണ് വില. മറ്റ് 6 മോഡലുകൾ കൂടി കോക്കോണിക്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ട്. ഇത് ഇപ്പോൾ പ്രീ ഓർഡർ ചെയ്യാൻ സാധിക്കും.
Read Also: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്; കോക്കോണിക്സ് ജനുവരി മുതൽ വിപണിയിൽ
ഈ വർഷം ജനുവരി മുതൽ ലാപ്പ് ടോപ്പ് പുറത്തിറങ്ങുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
കെൽട്രോണിന്റെ തിരുവനന്തപുരം മൺവിളയിലുള്ള പഴയ പ്രിന്റഡ് സർക്യൂട്ട് നിർമാണശാലയാണ് കൊക്കോണിക്‌സിന് കൈമാറിയത്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്ടോപ്പിനെക്കാൾ വിലകുറവാണെന്നതാണ് കോക്കോണിക്സിൻ്റെ നേട്ടം. ഈ വർഷം രണ്ടര ലക്ഷം ലാപ്‌ടോപ്പ് നിർമിക്കുകയാണ് കോക്കോണിക്സിൻ്റെ ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്‌സ് ലാപ്‌ടോപ്പ് കൈമാറിയിട്ടുണ്ട്.
Story Highlights: coconics laptops in amazon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here