Advertisement

ദുബായിൽ മരണമടഞ്ഞ നിതിന്റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും

June 9, 2020
Google News 2 minutes Read

ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരണമടഞ്ഞ നിതിന്റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിൽ മൃതദേഹം എത്തിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. യുഎഇയിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് നിതിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.

അതേസമയം, നിതിന്റെ വിയോഗ വാർത്തയറിയാതെ ഭാര്യ ആതിര ചൊവ്വാഴ്ച്ച ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തുമ്പോൾ അതിനു മുമ്പ് ആതിരയെ ഇക്കാര്യം എങ്ങനെ അറിയിക്കുമെന്ന വിഷമത്തിലാണ് വീട്ടുകാരും നാട്ടുകാരും. നിതിന്റെ മരണവാർത്ത ആതിര അറിയാതിരിക്കാൻ പ്രസവത്തിനു മുൻപുള്ള പരിശോധനകൾക്കെന്ന പേരിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ബന്ധുക്കൾ. ഇത്രയും ദിവസം മറച്ചുവച്ച ആ ദുരന്ത വാർത്ത നാളെ ആതിരയെ അറിയിക്കുക തന്നെവേണം. അതെങ്ങനെയെന്നറിയാതെയാണ് ഓരോരുത്തരും വിങ്ങുന്ന മനസ്സോടെ നിൽക്കുന്നത്.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മലയാളികൾ വിദേശത്ത് കുടങ്ങിപ്പോയപ്പോൾ ഗർഭിണികളെ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിസൽ ഹർജി നൽകിയതിലൂടെയാണ് നിതിൻ വാർത്തകളിൽ നിറഞ്ഞത്. നിതിന്റെ നിയമപോരാട്ടം വിജയം കണ്ടതോടെയാണ് പൂർണ ഗർഭിണിയായ ആതിരയ്ക്ക് ഉൾപ്പെടെ നാട്ടിൽ മടങ്ങിയെത്താൻ വഴി തെളിഞ്ഞത്. അന്ന് നിതിനും ആതിരയ്ക്കൊപ്പം നാട്ടിലെത്താൻ വിമാന ടിക്കറ്റ് ലഭിച്ചിരുന്നതാണെങ്കിലും തന്നെക്കാൾ അത്യാവശ്യമുള്ളവർക്കായി നിതിൻ പിന്മാറുകയായിരുന്നു. ആതിരയുടെ പ്രസവ സമയത്തോട് അടുത്ത് താൻ നാട്ടിലെത്തിക്കോളാം എന്നായിരുന്നു നിതിൻ ഭാര്യക്ക് വാക്ക് നൽകിയിരുന്നത്. പറഞ്ഞതുപോലെ നിതിൻ ആതിരയ്ക്ക് അടുത്ത് എത്തുമെങ്കിലും പ്രിയതമയെയും പൊന്നോമനയെയും കാണാനുള്ള യോഗമില്ല. ചേതനയറ്റ ശരീരമായിട്ടാണ് നാളെയെത്തുക.

ഉറക്കത്തിനിടയിലായിരുന്നു നിതിന്റെ അന്ത്യം. രാവിലെ സുഹൃത്തുക്കൾ വിളിച്ചിട്ടും ഉണരാതിരുന്നപ്പോഴാണ് നിതിൻ എന്നന്നെക്കുമായി യാത്രയായ വിവരം എല്ലാവരും അറിയുന്നത്. യുഎഇയിലെ സാമൂഹ്യപ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു നിതിന്റെ വേർപാട് പ്രവാസ ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Story highlight: The body of the deceased, who died in Dubai, will be returned home on Wednesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here