അതിരപ്പള്ളി ജലവൈദ്യുത പദ്ധതി; കൂടുതൽ നടപടികൾക്കായി കെഎസ്ഇബിക്ക് അനുമതി നൽകി സർക്കാർ

അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കാതെ സംസ്ഥാന സർക്കാർ. കേന്ദ്രാനുമതിക്കുള്ള നടപടികൾക്കായി സർക്കാർ കെഎസ്ഇബിക്ക് എൻഒസി നൽകി. ഏഴ് വർഷത്തേക്കാണ് എൻഒസി നൽകിയിട്ടുള്ളത്. സിപിഐയുടേയും പരിസ്ഥിതി വാദികളുടേയും എതിർപ്പിനിടെയാണ് സർക്കാർ നീക്കം. എന്നാൽ സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് സർക്കാർ നിലപാട്.
അതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി, സാങ്കേതിക അനുമതികൾ ലഭിച്ചിരുന്നതാണ്. എന്നാൽ 2017 ജൂലൈ 18ന് പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ചു. വീണ്ടും അനുമതിക്കായി കേന്ദ്രത്തിനെ സമീപിക്കാൻ സംസ്ഥാനത്തിന്റെ എൻഒസി ആവശ്യമാണ്.
Read Also: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി; എതിർപ്പുമായി സിപിഐ
ഇതിനായി 2019 ഒക്ടോബർ 30ന് കെഎസ്ഇബി സംസ്ഥാന സർക്കാരിനെ സമീപിച്ചു. ജൂൺ ഒന്നിന് വൈദ്യുതി വകുപ്പ് ഇതിന് അനുമതി നൽകി. സാങ്കേതിക, പാരിസ്ഥിതിക അനുമതിക്കുള്ള നടപടിക്ക് വേണ്ടിയാണ് ഏഴ് വർഷത്തേക്ക് എൻഒസി നൽകിയത്. പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് 2018 ജൂലൈയിൽ വൈദ്യുതി മന്ത്രി എം എം മണി നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക ഉത്തരവില്ലാത്തതിനാൽ പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ട് പോകുകയാണ് ചെയ്തത്. എൻഒസി നൽകിയത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് സർക്കാർ വാദം. ഇതിന് മുൻപും എൻഒസി പുതുക്കി നൽകിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു. പദ്ധതി നടപ്പാക്കിയാൽ 200 ഹെക്ടർ വനം നശിക്കുമെന്നും വൻതോതിലുള്ള പാരിസ്ഥിത ആഘാതമുണ്ടാകുമെന്നുമാണ് പദ്ധതിയെ എതിർക്കുന്നവരുടെ നിലപാട്.
athirapally project, kseb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here