രാജ്യത്ത് കൊവിഡ് മരണസംഖ്യ 8000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8102 ആയി. 7000ൽ നിന്ന് 8000 ആകാനെടുത്തത് മൂന്ന് ദിവസം മാത്രമാണെന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 357 മരണങ്ങളാണ്. തുടർച്ചയായ എട്ടാം ദിനവും പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം 9000 കടന്നു.
പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 9996 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 286579 ആയി. തുടർച്ചയായ രണ്ടാം ദിവസം രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് നേരിയ ആശ്വാസം പകരുന്നുണ്ട്. 141028 പേർ രോഗമുക്തി നേടി. 137448 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Read Also : കൊവിഡ് പടർന്ന് പിടിച്ച രാജ്യത്തെ ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു
അതേസമയം, കൊവിഡ് പടർന്ന് പിടിച്ച മുംബൈ അടക്കം ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് വ്യാപനം പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ ഉയരുകയാണ്.
മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ബംഗളൂരു എന്നീ മഹാനഗരങ്ങളിലാണ് ഓരോ കേന്ദ്രസംഘത്തെ വീതം നിയോഗിച്ചത്. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പും മുനിസിപ്പൽ ഉദ്യോഗസ്ഥരുമായി ചേർന്ന് പദ്ധതികൾ തയാറാക്കി രോഗവ്യാപനം പിടിച്ചുനിർത്തുകയാണ് കേന്ദ്രസംഘത്തിന്റെ ലക്ഷ്യം. ആദ്യപടിയായി നഗരങ്ങളിലെ സ്ഥിതി അവലോകനം ചെയ്യും. ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകും. സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ടും സമർപ്പിക്കും.
Story Highights- india covid death toll crossed 8000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here