തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകൾ; അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ആത്മഹത്യകളിൽ മെഡിക്കൽ കോളജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക നിഗമനം. കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് ചാടി പോയ സംഭവമുണ്ടായിട്ടും ജാഗ്രത പാലിക്കാത്തതും മദ്യത്തിന് അടിമകളായിരുന്നവർക്ക് പ്രത്യേക ചികിത്സ നൽകാത്തതുമാണ് മെഡിക്കൽ കോളജിൻ്റെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, മെഡിക്കൽ കോളജിൻ്റെ വീഴ്ചയിൽ സർക്കാരിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കി.
ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ആനാട് സ്വദേശി രാവിലെ 11.30 ഓടെയും രോഗ ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന നെടുമങ്ങാട് സ്വദേശി വൈകിട്ടും ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്നും മദ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തതതെന്നും മെഡിക്കൽ കോളജ് വിശദീകരിക്കുന്നു.
എന്നാൽ മെഡിക്കൽ കോളജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആനാട് സ്വദേശി ആശുപത്രിയിൽ നിന്ന് ചാടിപോയ ഗുരുതര സംഭവമുണ്ടായിട്ടും ഈ രോഗിയുടെ കാര്യത്തിൽ അധികൃതർ ജാഗ്രത പാലിക്കാത്തതും രോഗിക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താത്തതും പ്രധാന വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്ന് മെഡിക്കൽ കോളജ് വ്യക്തമാക്കുമ്പോൾ തന്നെ ഇതിന് പ്രത്യേക ചികിത്സ നൽകാൻ തയാറാകാത്തതും വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
കൂടാതെ ഇന്നലെ ആരോഗ്യ മന്ത്രി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ട് മരണങ്ങളിലും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വാർഡിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
Story Highlights: Suicides, Thiruvananthapuram Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here