എറണാകുളം ജില്ലയില്‍ ഗോഡൗണുകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കൂടുതലായി എത്തുന്ന എറണാകുളം ജില്ലയിലെ ഗോഡൗണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിലാണ് ഗോഡൗണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചത്.
ഇതിന്റെ ഭാഗമായി എറണാകുളം ഉദയ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ നടപ്പാക്കിയതിനു സമാനമായ നിയന്ത്രണങ്ങള്‍ ആയിരിക്കും ഇവിടെയും കൊണ്ടു വരിക. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലോഡുമായി എത്തുന്ന ആളുകളെ പ്രദേശവാസികളോട് ഇടപെടാന്‍ അനുവദിക്കില്ല.
ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതോടെ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് വള്ളവുമായി എത്തുന്ന പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികളെയും നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞു. നൂറ് കണക്കിന് മത്സ്യ ബന്ധന തൊഴിലാളികള്‍ ആണ് അനുവാദമില്ലാതെ മുനമ്പം ഹാര്‍ബറില്‍ ഉള്‍പ്പടെ മത്സ്യങ്ങളുമായി എത്തുന്നത്. ആരോഗ്യ വകുപ്പും പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തും. പ്രദേശത്ത് ആള്‍ക്കൂട്ടമുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ നിലവില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള കൊച്ചി കോര്‍പറേഷനിലെ 60 -ാം ഡിവിഷനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനായി കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി മന്ത്രി അറിയിച്ചു.
വിമാനത്താവളത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. കുറഞ്ഞ പണത്തിലോ സൗജന്യമായോ ഏര്‍പ്പെടുത്താനാണ് ശ്രമം. അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി എറണാകുളം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം മറ്റ് ട്രെയിനുകളില്‍ യാത്ര തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാത്ത ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്തിറങ്ങിയ ശേഷം കൊല്ലത്തേക്ക് യാത്ര ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നടപടി സ്വീകരിക്കും. ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം ആളുകളുടെ പൗരബോധം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും പൊതു ഗതാഗത സംവിധാനമുള്‍പ്പടെ ഉപയോഗിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പറവൂര്‍ നിയോജക മണ്ഡലത്തിലെ 34 തോടുകളില്‍ ആവശ്യമായ പ്രവര്‍ത്തികള്‍ നടത്താനായി ഈ പണം വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്യുന്ന ചെളി വഴിയരികികല്‍ നിക്ഷേപിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
കളക്ടര്‍ എസ്. സുഹാസ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന്‍, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോജക്ട് ഓഫീസര്‍ ഡോ. മാത്യുസ് നുമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.
Story Highlights: Restrictions on Godowns and Markets in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here