വയനാട് ജില്ലയിലെ 500 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ട് മാസത്തിനകം ഭൂമി നല്‍കും

വയനാട് ജില്ലയിലെ 500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ട് മാസത്തിനകം ഭൂമി നല്‍കാന്‍  മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി രണ്ട് മാസത്തിനകം വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

2010 ലെ സുപ്രിംകോടതി വിധി പ്രകാരം വയനാട് ജില്ലയില്‍ മാത്രം 7433 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയാണ് വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ 1976ല്‍ ആദിവാസികളുടെ പുനരധിവാസത്തിനായി വയനാട്ടില്‍ ആരംഭിച്ച സുഗന്ധഗിരി കാര്‍ഡമം പ്രോജക്റ്റിനും പൂക്കോട് ഡയറി പ്രൊജക്റ്റിനും വേണ്ടി അനുവദിച്ച 3589 ഏക്കര്‍ ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് 2010 ലെ സുപ്രിംകോടതി വിധിപ്രകാരമുള്ള ഭൂമിയുടെ കണക്ക് നല്‍കിയിരുന്നത്. ഈ ഭൂമിക്ക് പകരം ഭൂമി കണ്ടെത്തുന്നതിനും ഇതിനകം കണ്ടെത്തിയ ഭൂമിയില്‍ വാസയോഗ്യമല്ലാത്ത ഭൂമിക്ക് പകരം ഭൂമി കണ്ടെത്തുന്നതിനും സര്‍വേ നടത്താന്‍ വനം റവന്യു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ടാസ്‌ക് ഫോഴ്സിന് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ കണ്ടെത്തുന്ന ഭൂമി കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ആദിവാസി ഭൂമി വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പട്ടികവര്‍ഗ വനം റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെ യോഗം ചേരുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടുത്ത അവലോകനയോഗം ആഗസ്റ്റ് മാസം ചേരുന്നതിനും തീരുമാനമായി. യോഗത്തില്‍ മന്ത്രിമാരായ എ കെ ബാലന്‍, കെ രാജു, ഇ ചന്ദ്രശേഖരന്‍, സി കെ ശശീന്ദ്രന്‍ എംഎല്‍എ, വനം, റവന്യു, പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Story Highlights: Landless tribal families in Wayanad will given land within two months

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top