കൊവിഡ് സമൂഹ വ്യാപന ആശങ്കയിൽ മലപ്പുറം; ഒരാഴ്ചക്കിടെ സമ്പർക്കത്തിലൂടെ രോഗം പകർന്നത് 20 പേർക്ക്

കൊവിഡ് സമൂഹ വ്യാപന ആശങ്കയിൽ മലപ്പുറം. ഒരാഴ്ചക്കിടെ മാത്രം 20 പേർക്കാണ് സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം വന്നത്. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ എട്ട് ദിവസത്തെ കണക്ക് പരിശോധിച്ചാൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. 6-ാംതീയതി മുതൽ 8 വരെ 4 പേർക്കും 9 മുതൽ 11 വരെയുള്ള തീയതികളിൽ ഏഴു പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ട് ദിവസം മാത്രം പതിനൊന്നു പേർക്കും. നിരക്ക് ഇനിയും വർധിച്ചേക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 31 പേർക്ക് ഇത് വരെ മലപ്പുറത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആരോഗ്യ പ്രവർത്തകരും, അഗ്‌നിശമന സേന ഉദ്യോഗസ്ഥനും, വിവിധ വകുപ്പുകളിലെ ജീവനക്കാരും മുതൽ വിമാനത്താവള മാനേജർ വരെയുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.
റാൻഡം സാംപ്ലിംഗിലാണ് മിക്ക സമ്പർക്ക കേസുകളും റിപ്പോർട്ട് ചെയ്തത്. പരിശോധനയിൽ ഉൾപ്പെടാത്ത ഒട്ടേറെ പേർ രോഗ വാഹകരാകാം എന്ന ആശങ്കയുമുണ്ട്. മാസ്‌ക് ധരിക്കുന്നതിലും, സാമൂഹിക അകലം പാലിക്കുന്നതിലും പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
Story highlight: Malappuram: covid’s proliferation is alarming; Over 20 people contracted the disease within a week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here