രാഹുൽ ഗാന്ധി സുശാന്തിനെ ക്രിക്കറ്റർ എന്ന് വിശേഷിപ്പിച്ചിട്ടില്ല; വാർത്ത വ്യാജം

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തതിൻ്റെ ഞെട്ടൽ അവസാനിച്ചിട്ടില്ല. എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ സുശാന്ത് വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു എന്നറിഞ്ഞത് അതിലേറെ ഞെട്ടലായി. മരണത്തിൽ ഞെട്ടലും വിഷമവും രേഖപ്പെടുത്തുന്നതിനിടയിൽ ചിലർ വ്യാജവാർത്തകളുമായും രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു വ്യാജവാർത്ത രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Also: സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു
രാഹുൽ ഗാന്ധിയുടെ ഒരു ട്വീറ്റിൻ്റെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. സുശാന്തിനുള്ള ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ട്വീറ്റിൽ ചെറുപ്പക്കാരനും കഴിവുള്ളവനുമായ ക്രിക്കറ്റ് താരം എന്നാണ് അദ്ദേഹം താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് അബദ്ധം പിണഞ്ഞു എന്നാണ് സ്ക്രീൻഷോട്ട് പങ്കിവച്ചു കൊണ്ടുള്ള അവകാശവാദം. എന്നാൽ സത്യം അതല്ല.
രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ അഭിനേതാവ് (actor) എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. ഈ വാക്ക് മാത്രം എഡിറ്റ് ചെയ്ത് അവിടെ ക്രിക്കറ്റ് താരം (cricketer) എന്ന വാക്ക് ചേർത്തിരിക്കുകയാണ് ഈ ട്വീറ്റിൽ. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്ന ആദരാഞ്ജലി കുറിപ്പ് ഇങ്ങനെ വായിക്കാം: സുശാന്തിൻ്റെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. ചെറുപ്പക്കാരനും കഴിവുള്ളവനുമായ അഭിനേതാവായിരുന്ന അദ്ദേഹം വളരെ പെട്ടെന്ന് മരണപ്പെട്ടു. ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എൻ്റെ അനുശോചനം അറിയിക്കുന്നു”
I am sorry to hear about the passing of #SushantSinghRajput. A young & talented actor, gone too soon. My condolences to his family, friends & fans across the world.
— Rahul Gandhi (@RahulGandhi) June 14, 2020
Read Also: നൃത്തം, ശാസ്ത്രം, യാത്ര…; സുശാന്തിന്റെ സ്വപ്‌നങ്ങൾ
ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ സുശാന്ത് ‘കൈ പോ ചെ’ എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറുന്നത്. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരം 2015ൽ പുറത്തിറങ്ങിയ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മികച്ച യുവതാരങ്ങളിൽ ഒരാൾ എന്ന വിശേഷണത്തിന് അർഹനായി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ എംഎസ് ധോണി ബയോപിക്കിലെ പ്രകടനം സുശാന്തിന് അപാര മൈലേജ്ജ് നൽകി. കേദാർ നാഥ്, സോഞ്ചിറിയ, ചിച്ചോരെ തുടങ്ങി ചില മികച്ച സിനിമകളിൽ കൂടി അദ്ദേഹം വേഷമിട്ടു. ഹോളിവുഡ് ചിത്രം ‘ദി ഫാൾട്ട് ഇൻ അവർ സ്റ്റാഴ്സ്’ എന്ന ചിത്രത്തിൻ്റെ റീമേക്ക് ‘ദിൽ ബെച്ചാര’ ആണ് ഇനി അദ്ദേഹത്തിൻ്റേതായി പുറത്തിറങ്ങാനുള്ളത്.
Story Highlights: Rahul Gandhi did not call Sushant Singh Rajput a ‘cricketer’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here