ഒരു വലിയ ശക്തി ചോർന്നു പോയതു പോലെയായിരുന്നു’; സുകുമാരന്റെ വിയോഗത്തെ കുറിച്ച് മല്ലികാ സുകുമാരൻ

‘ഒരു ഭർത്താവ് മാത്രമായിരുന്നില്ല സുകുമാരൻ. അദ്ദേഹത്തിൽ നിന്നാണ് എന്റെ ജീവിതം തുടങ്ങുന്നത്. എന്നിലുള്ള നന്മ, സാമർത്ഥ്യം എന്നിവ ഉണ്ടാകുന്നത് അദ്ദേഹത്തിൽ നിന്നാണ്. എന്റെ ആത്മധൈര്യം, മനക്കരുത്ത് എല്ലാം നൽകിയത് അദ്ദേഹമാണ്.’- സുകുമാരന്റെ ചരമവാർഷിക ദിനത്തിൽ ഭർത്താവിനെ ഓർമിച്ച് ഭാര്യയും സിനിമാ താരവുമായ മല്ലികാ സുകുമാരൻ. ട്വന്റിഫോറിന്റെ ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലാണ് മല്ലികാ സുകുമാരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
എത്രത്തോളം കുടുംബത്തെ ചേർത്ത് നിർത്താൻ സാധിക്കാമോ, അത്രയും അദ്ദേഹം കുടുംബത്തിനായി ചെയ്തിട്ടുണ്ടെന്ന് മല്ലികാ സുകുമാരൻ പറയുന്നു. മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
സുകുമാരൻ മരിക്കുമ്പോൾ പൃഥ്വിരാജ് 9-ാം ക്ലാസിലും ഇന്ദ്രജിത്ത് 12-ാം ക്ലാസിലുമായിരുന്നു. ഇന്ദ്രജിത്തിനെ തമിഴ് നാട്ടിൽ കോളജിന് ചേർത്ത ശേഷമാണ് സുകുമാരൻ മരിക്കുന്നത്. സുകുമാരന്റെ വിയോഗത്തോടെ ജീവിതമേ അനസാനിച്ചുവെന്നാണ് കരുതിയിരുന്നത്. നമ്മുടെ ഒരു വലിയ ശക്തി ചോർന്നുപോയത് പോലെയായിരുന്നു.
‘എവിടെ കൊണ്ടിട്ടാലും ഇവമ്മാര് നാല് കാലേൽ എഴുനേറ്റ് വരണം. മക്കൾ സിനിമയിൽ വരാൻ സാധ്യതയുണ്ട്. വന്നോട്ടെ പക്ഷേ സാമാന്യ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവരെ സിനിമയിൽ വരാൻ പാടുള്ളു’- ഇക്കാര്യം സുകുമാരന് നിർബന്ധമുണ്ടായിരുന്നുവെന്ന് മല്ലികാ സുകുമാരൻ പറഞ്ഞു.
ജീവിതത്തിൽ തളർന്ന് പോകരുതെന്ന് എപ്പോഴും മനസിലുണ്ടായിരുന്നു. അദ്ദേഹം നൽകിയ പാഠങ്ങളിലൂടെയാണ് സുകുമാരൻ സമ്മാനിച്ച വിടവിന് ശേഷവും സ്വയം കരുത്താർജിച്ച് തങ്ങൾ ഇതുവരെയെത്തിയെന്ന് മല്ലികാ സുകുമാരൻ ഓർമിക്കുന്നു.
Story Highlights- mallika sukumaran life after sukumaran death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here