കൊവിഡ് : 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2000 കടന്ന് മരണങ്ങൾ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 2000 പേർ. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 11903 ആയി. മരണസംഖ്യ 9000ൽ നിന്ന് 11000 കടന്നത് മൂന്ന് ദിവസം കൊണ്ടാണെന്ന് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 24 മണിക്കൂറിനിടെ 10974 പോസിറ്റീവ് കേസുകളും 2003 മരണവും റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത് 97ആം ദിവസമാണ് മരണസംഖ്യ 11000 കടക്കുന്നത്. മാർച്ച് 12നായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ മൂന്നര ലക്ഷം കടന്നു. ഇതോടെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 354065 ആയി. കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നത് ജൂൺ 13നാണ്. അരലക്ഷത്തിൽ അധികം കേസുകൾ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ എട്ടാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായതാണ് ഏക ആശ്വാസം. 186934 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 155227 ആണ്.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 49 മരണവും 1515 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകൾ 48019ഉം മരണം 528ഉം ആയി. ചെന്നൈയിൽ മാത്രം കൊവിഡ് കേസുകൾ 34245 ആയി ഉയർന്നു. ഡൽഹിയിൽ 93 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1837 ആയി. 24 മണിക്കൂറിനിടെ 1859 പേർ കൂടി രോഗബാധിതരായി. ആകെ കൊവിഡ് കേസുകൾ 44688 ആണ്.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 28 മരണവും 524 കേസുകളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1534ഉം കൊവിഡ് കേസുകൾ 24628ഉം ആയി. ഹരിയാനയിൽ 24 മണിക്കൂറിനിടെ 550 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ 8272ഉം മരണം 118ഉം ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു.
Story Highlights- coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here