കഴിഞ്ഞ ബില്ലിലെ 70 ശതമാനം തുക ഈ മാസം ഉപയോക്താക്കൾ അടച്ചാൽ മതി; കെഎസ്ഇബി ഹൈക്കോടതിയിൽ

ഉപഭോക്താക്കളിൽ നിന്ന് അമിത തുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്ഇബി. ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലാണ് നൽകിയതെന്നും ഹൈക്കോടതിയിൽ കെഎസ്ഇബി സത്യവാങ്മൂലം നൽകി. കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി.
പ്രതിമാസ ബില്ലിങ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ പൊതു താൽപര്യ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയുമായാണ് കെഎസ്ഇബി കോടതിയിലെത്തിയത്. ഉപഭോക്താക്കളിൽ നിന്ന് അമിത തുക ഈടാക്കിയിട്ടില്ല. ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലാണ് നൽകിയത്. ലോക്ക് ഡൗൺ മൂലം കൃത്യ സമയത്ത് മീറ്റർ റീഡിങ് എടുക്കാൻ കഴിഞ്ഞിരുന്നില്ല.
Read Also : മധുപാലിന്റെ വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള പരാതി പരിഹരിച്ച് കെഎസ്ഇബി; 5714 രൂപയുടെ ബില്ല് 300 രൂപയായി!!!
എന്നാൽ മൂന്നു ബില്ലുകളുടെ ശരാശരി കണക്കാക്കി ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബിൽ നൽകുന്നത് പ്രായോഗികമല്ല. കഴിഞ്ഞ ബില്ലിലെ 70 ശതമാനം തുക ഈ മാസം ഉപയോക്താക്കൾ അടച്ചാൽ മതിയാകും. ബാക്കി തുക കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലിൽ ക്രമീകരിക്കും. ഹർജിക്കാരുടെ വൈദ്യുതി ഉപഭോഗ വിവരങ്ങൾ കോടതിയിൽ ഹാജരാക്കിക്കൊണ്ടായിരുന്നു വൈദ്യുതി ബോർഡ് വിശദീകരണം നൽകിയത്.
രണ്ടു മാസം കൂടുമ്പോൾ വൈദ്യുതി റീഡിങ് എടുത്തുള്ള ബില്ലിങ് രീതി അനധികൃതമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ എം.സി. വിജയകുമാറാണ് കോടതിയെ സമീപിച്ചത്. ഇത്തവണ ബിൽ നൽകിയത് 76 ദിവസം കഴിഞ്ഞാണ്. അതുകൊണ്ടാണ് ബിൽ തുക വർധിച്ചതെന്നും ബിൽ കണക്കാക്കുന്നതിന് കെഎസ്ഇബി ഉപയോഗിക്കുന്ന ഫോർമുല ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights- kseb affidavit high court current bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here