Advertisement

ഡൽഹിയിൽ കൊറോണ അതിജീവിച്ച് മലയാളി ദമ്പതികൾ; ഫേസ്ബുക്ക് കുറിപ്പ്

June 17, 2020
2 minutes Read
malayali couples defeated corona

ഡൽഹിയിൽ കൊറോണ അതിജീവിച്ച് മലയാളി ദമ്പതികൾ. വിപിൻ കൃഷ്ണൻ ചന്തു എന്ന യുവാവും ഭാര്യ ജെന്നി ടിഎമുമാണ് കൊറോണയെ കീഴ്പ്പെടുത്തിയത്. വിപിൻ കൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവച്ച തങ്ങളുടെ അനുഭവക്കുറിപ്പ് വൈറലാണ്. ആദ്യം തനിക്കും പിന്നീട് ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു എന്നും ഇരുവരും രോഗത്തെ പൊരുതി തോല്പിച്ചു എന്നും വിപിൻ കുറിക്കുന്നു.

Read Also: കൊവിഡ്; മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി സങ്കീർണമായി തുടരുന്നു

വൈറൽ കുറിപ്പ് വായിക്കാം:

ഡൽഹിയിൽ കൊറോണ കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ആയിരുന്നു. പൊതു പ്രവർത്തന മേഖലയിൽ സജീവായി ഇടപെട്ടിരുന്ന ഞാൻ പക്ഷെ പ്രത്യേക നിർദേശം ഉണ്ടായിരുന്നത് കൊണ്ട് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ആശുപത്രി കാര്യങ്ങളിൽ ശ്രദ്ധിക്കുകയായിരുന്നു.

ഡൽഹി ഐയിംസ് ആശുപത്രിയിലാണ് ഞാനും ഭാര്യയും ജോലി ചെയ്യുന്നത്. ഒരാഴ്ചത്തെ ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമത്തിലായിരുന്നു ഞാൻ മെയ് 26 ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു.ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം കൊറോണ വാർഡിലേക്ക് ഡ്യൂട്ടിക്ക് ജോയിൻ ചെയ്യേണ്ടതായിട്ടുണ്ട്,ജൂൺ ഒന്നാം തിയതി.

പെട്ടന്നാണ് ഒരു പനി മെയ് 28 ന് എനിക്ക് ഉണ്ടാവുന്നത്.സാദാരണ വൈറൽ പനി ആണ് എന്നാണ് ആദ്യം കരുതിയതു,പക്ഷെ രണ്ട് ദിവസമായിട്ടും പനി കുറയാതെ വന്നപ്പോൾ ആണ് കൊറോണ ടെസ്റ്റ് ചെയ്യാൻ ,ഡോക്ടറുടെ നിർദേശ പ്രകാരം തീരുമാനിച്ചത്.

മെയ് 29 ആണ് ടെസ്റ്റ് ചെയ്യാൻ പോകുന്നത്.ആശുപത്രിയുടെ അടുത്ത് തന്നെയാണ് താമസം എന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല ടെസ്റ്റിന് പോകാനായിട്ടു.മെയ് 30 തന്നെ റിസൾട്ട് വന്നു.സുഹൃത്തായ ശശാന്ത് ആണ് റിസൾട്ട് നോക്കി വിളിച്ചു പറഞ്ഞത്.
വിളിച്ചപ്പോൾ തന്നെ ഞാൻ അങ്ങോട്ട് ചോദിച്ചത് നെഗറ്റീവ് അല്ലെ എന്നാണ്.ഒരു നിമിഷം ഒന്ന് മൗനം പാലിച്ചു അവൻ പറഞ്ഞു അല്ല പോസിറ്റീവ് ആണ് എന്ന്.റിപ്പോർട്ട് വാട്സ് ആപ്പിൾ അയച്ചിട്ടുണ്ട് എന്നും പറഞ്ഞു.

പെട്ടന്ന് കേട്ട ഒരു ഷോക്കിൽ നിന്നും പക്ഷെ രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ നോർമൽ ആയിരുന്നു.ആദ്യം പറഞ്ഞത് ഭാര്യയോടാണ്.നമ്മൾക്ക് ഒരുമിച്ചു നേരിടാം എന്ന് പറഞ്ഞപ്പോൾ വലിയ ധൈര്യം ആണ് കിട്ടിയത്.
എന്റെ വീട്ടിൽ ആരോടും പറഞ്ഞില്ല അവരാരും ടെൻഷൻ ആവണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്.

അവിടുന്ന് അങ്ങോട്ട് ഒരു പോരാട്ടമായിരുന്നു.സുഹൃത്തായ സൂരജിനോട് വിളിച്ചു കാര്യം പറഞ്ഞു.വീട്ടിലേക്കുള്ള സാദനങ്ങൾ ആദ്യം വാങ്ങിപ്പിച്ചു.മെഡിക്കൽ മേഖലയിൽ അല്ലാതിരുന്നിട്ടു കൂടി ഭയമില്ലാതെ സൂരജ് ഞങ്ങളെ സഹായിച്ചു.ഞങ്ങളുടെ കൂടെയുള്ള പൂച്ചകൾക്കുള്ള ക്യാറ്റ് ഫുഡും സ്റ്റോക്ക് ചെയ്തു.
ആദ്യ ദിവസം നല്ല പനിയുണ്ടായിരുന്നു ,ശരീരവേദനയും.
വേറെ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ആശുപത്രിയിൽ പോവേണ്ട എന്നും ,വീട്ടിൽ തന്നെ മാനേജ് ചെയ്യാം എന്നുമാണ് ഞങ്ങളോട് ഡോക്ടർമാരും അടുത്ത സുഹൃത്തുക്കളായ ഡോക്ടർമാരും എല്ലാം നിർദേശിച്ചത്.

ഇതും എല്ലാ പോരാട്ടം പോലെ മറ്റൊരു പോരാട്ടമായി ഞാൻ എടുത്തു എന്നതിലായിരിക്കും ആദ്യം ഞങ്ങൾ വിജയിച്ചത്.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭാര്യയായ ജെന്നിക്കും ചെറിയ ലക്ഷണങ്ങൾ കണ്ടു ടെസ്റ്റ് ചെയ്തു , അപ്പോൾ റിസൾട്ട് പോസിറ്റീവ് തന്നെ.
ആദ്യത്തെ മൂന്ന് ദിവസം കഞ്ഞി അച്ചാറും തന്നെയാണ് കഴിച്ചത്.എത്ര പനി ഉണ്ടെങ്കിലും ഭക്ഷണം മുടക്കരുത് എന്ന് ഞങ്ങളോട് ഡോക്ടർമാർ ഉൾപ്പെടെ എല്ലാ സുഹൃത്തുക്കളും നിർദേശം തന്നിരുന്നു.
മഞ്ഞളും ,ഇഞ്ചിയും,വെളുത്തുള്ളിയും ചേർത്ത ചൂട് വെള്ളം കുടിക്കണം എന്ന് സുഹൃത്തുക്കൾ പറഞ്ഞു തന്നിരുന്നു.ദിവസവും 3 ലിറ്ററിൽ കുറയാതെ ഞങ്ങൾ ഈ ചൂട് വെള്ളം കുടിക്കാൻ ശ്രമിച്ചിട്ടുണ്ട്.

എല്ലാ സുഹൃത്തുക്കളും വിളിച്ചു വലിയ പിന്തുണയാണ് തന്നത്.സൂരജ്, പ്രശാന്ത് ,അരുൺ കാര്യാട്ട്,പ്രതീഷ് ,ശ്രീജിത്ത്,മാധവൻ,സുഗീഷ്,ജിനേഷ്,നിരഞ്ജൻ,രാകേഷ് എണ്ണിയാൽ തീരാത്ത കാളുകൾ ഞങ്ങൾക്ക് വലിയ ഒരു പിന്തുണ തന്നെയായിരുന്നു.
ചാണ്ടി ഊമ്മൻ ചേട്ടൻ കേട്ടപ്പോൾ തന്നെ വിളിച്ചു വേണ്ട നിർദേശങ്ങൾ തന്നു. ചൂട് വെള്ളം കുടിക്കണം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞത് വലിയ പ്രചോദനമായി.

വിളിച്ച എല്ലാവരെയും എഴുതാൻ പറ്റാത്തത് കൊണ്ടാണ് ,എല്ലാവരും മനസ്സിൽ ഉണ്ട് തന്ന പിന്തുണ വലുതാണ്.കൂടെ ജോലി ചെയ്യുന്നവർ തന്ന പിന്തുണ ഒരു വലിയ ഘടകം ആയിരുന്നു.ജാൻസി ചേച്ചിയും, അസ്സിസ്റ്റന്റ് നഴ്സിംഗ് സുപ്രീണ്ട് മാഡം, പിന്നെ മേരി ചേച്ചിയും ,അമ്പിളി ചേച്ചിയും ,രാജേന്ദറും , അഭിലാഷയും,മിനുവും എല്ലാവരും വലിയ പിന്തുണ തന്നു.

കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ശരീരത്തിൽ ഓക്സിജൻ അളവ് നോക്കാനുള്ള ചെറിയ ഒരു യന്ത്രം 500 -1000 രൂപക്ക് ലഭിക്കുന്ന പൾസ്ഓക്‌സിമീറ്റർ വാങ്ങി വെച്ചിരുന്നു.
എങ്ങാനും ഓക്‌സിജൻ അളവ് കുറയുന്ന സാഹചര്യമോ ശ്വാസ തടസ്സമോ നേരിട്ടാൽ ഉടനെ വിളിക്കണം എന്ന് സുഹൃത്തുക്കൾ പലരും പറഞ്ഞിരുന്നു.അവർ PPE കിറ്റ് ഇട്ടു വന്നു കൊണ്ട് പോകാം എന്ന് പറഞ്ഞവർ കുറെ ഉണ്ട്- യൂണിയൻ നേതാവ് ജോസഫ് ചേട്ടൻ,ചിഞ്ചു,ശ്രീവത്സൻ അങ്ങനെ കുറെ സുഹൃത്തുക്കൾ.അത് നൽകിയ ആത്മ വിശ്വാസം ,ധൈര്യവും ചെറുതായിരുന്നില്ല .

പനിയും ,ശരീര വേദനയും കൂടാതെ അപ്പോഴേക്കും മണക്കാനുള്ള കഴിവും ടേസ്റ്റും നഷ്ടപ്പെട്ടിരുന്നു ഞങ്ങൾ രണ്ടാൾക്കും.
5 ദിവസം കഴിഞ്ഞപ്പോൾ പനിയും , ശരീര വേദനയും കുറഞ്ഞു. കാര്യങ്ങൾ പതുക്കെ ശെരിയായി വരുന്നു എന്നൊരു ആശ്വാസം ഞങ്ങൾക്കുണ്ടായി.സൂരജ് ആവശ്യത്തിനുള്ള സാധങ്ങൾ എല്ലാം പറയുന്നത് അനുസരിച്ചു എത്തിച്ചു തന്നു.ഞങ്ങളുടെ തന്നെ താഴത്തെ ഫ്ലാറ്റിൽ താമസിക്കുന്ന സ്റ്റെഫിയും, മിലനും ഇടക്ക് നല്ല കറികൾ മീൻകറി ഉൾപ്പെടെ വെച്ച് തന്നത് വലിയ ആശ്വാസമായി.

സുഭാഷേട്ടനും,അനിയനും ,അമ്മയും , അനിയത്തിയും , അളിയനും ,ലച്ചുവും , ആശ ചേച്ചിയും ,ചിന്നുവും ,സുഹൃത്തുക്കളും അറിഞ്ഞവരും അറിയാത്തവരും ഇടക്ക് വിളിച്ചു കൊണ്ടിരുന്നത് വലിയ ആശ്വാസമായി.
മരുന്നുകളേക്കാൾ കൂടുതൽ നിങ്ങൾക്ക് കരുത്തു തരുന്നത് ഈ ചേർത്ത് നിർത്തലുകളാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു.
പ്രാത്ഥിച്ചവർ,അസുഖം മാറാൻ നോമ്പ് നോറ്റവർ അങ്ങനെ എല്ലാവരും തന്ന കരുത്തിൽ തന്നെയാണ് കോറോണയിൽ നിന്നും കര കയറിയത്.

അധികം വൈകാതെ തന്നെ ഞങ്ങൾ രണ്ടു പേരും ജോലിയിൽ തിരിച്ചു പ്രവേശിക്കും.കാരണം ഈ സാഹചര്യത്തിൽ നമ്മുടെ നാടിനൊപ്പം രോഗികൾക്കൊപ്പം നിൽക്കുക എന്നത് തന്നെയാണ് ആരോഗ്യ പ്രവർത്തകർ എന്ന രീതിയിൽ ഞങ്ങളുടെ കർത്തവ്യം.

ഇത് അങ്ങനെ ഭയപ്പെടേണ്ട ഒന്നായി എനിക്ക് തോന്നിയിട്ടില്ല.അതെ ജാഗ്രതയും കരുതലും തന്നെയാണ് വേണ്ടത്.കഴിവതും കൊറോണ വരാതെ നോക്കുക,വന്നാൽ തന്നെ ധൈര്യം കൈവിടാതിരിക്കുക. അവരെ മനസ്സുകൊണ്ട് ചേർത്ത് നിർത്തുക.ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക. ഈ മഹാമാരിയെ നമ്മൾക്ക് ചെറുത്തു തോൽപ്പിക്കാനാകും.ഒരു സംശയവും വേണ്ട. ഡൽഹി കെ എം സി സി തന്ന ആരോഗ്യ കിറ്റ് ഞങ്ങൾക്ക് വലിയ ഒരു മാനസിക പിന്തുണയാണ് നൽകിയത്.ചേർത്ത് നിർത്തലിന്റെ ഒരു ഭാഗം കൂടിയാണല്ലോ അത്തരം കാര്യങ്ങൾ.
കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു.
നമ്മൾ പോരാടാൻ ഉറച്ചാൽ കോറോണക്ക് പിന്നെ തോറ്റു പിന്മാറുകയല്ലാതെ മറ്റു മാർഗ്ഗമുണ്ടോ ?

സ്നേഹത്തോടെ

വിപിൻ കൃഷ്ണൻ & ജെന്നി ടി എം

Story Highlights: malayali couples defeated corona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top