ഉത്ര വധക്കേസ്; പ്രതി സൂരജിനെ അടൂർ പറക്കോടുള്ള വീട്ടിൽ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി

ഉത്ര വധക്കേസിൽ പ്രതി സൂരജിനെ അടൂർ പറക്കോടുള്ള വീട്ടിൽ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് രണ്ടാം പ്രതി സുരേഷ് പാമ്പിനെ ആദ്യം കൈമാറിയത് സൂരജിന്റെ വീടിന് സമീപത്തു വച്ചെന്ന് വനം വകുപ്പ് കണ്ടെത്തി. ഒന്നിലധികം തവണ സൂരജിന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നായിരുന്നു സുരേഷിന്റെ മൊഴി.

1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 937 വകുപ്പ് ചുമത്തിയാണ് ഉത്ര കൊലക്കേസിൽ പ്രതികളായ സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ഇരുവരേയും ഇന്ന് അടൂർ പറക്കോടുള്ള സൂരജിന്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ച രീതി പ്രതി സൂരജ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിശദീകരിച്ച് നൽകി. ആദ്യ ശ്രമം നടക്കാതെ പോയപ്പോൾ പാമ്പിനെ ഉപേക്ഷിച്ച സ്ഥലവും വനം വകുപ്പിന് കാണിച്ചു കൊടുത്തു.

അഞ്ചലിൽ വെച്ച് ഉത്രയെ കടിപ്പിച്ച മൂർഖനെ ഏനാത്ത് പാലത്തിൽ വെച്ചാണ് കൈമാറിയതെന്ന് സുരേഷ് വനം വകുപ്പിനോടും സമ്മതിച്ചു. ആദ്യ ശ്രമം പാളിയപ്പോൾ തന്നെ അടുത്ത പാമ്പിനായി സൂരജ് തന്നെ വിളിച്ചുവെന്നും സുരേഷ് വനം വകുപ്പിനോട് പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വനം വകുപ്പ് നിയോഗിച്ച ഗവേഷകന്റ സാനിധ്യവും തെളിവെടുപ്പിൽ ഉണ്ടായിരുന്നു. അതേസമയം, സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെവനം വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

Story highlight: Uthra murder case; Sooraj Adoor Parakkodu’s house and the forest department conducted a raid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top