ഉപഗ്രഹ ചിത്രങ്ങളിൽ ഇന്ത്യൻ പ്രദേശത്തേക്ക് ചൈന അതിക്രമിച്ചു കയറിയതായാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി

ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങളിൽ ഇന്ത്യൻ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതായാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയ്യേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാൽ, പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശത്തേക്ക് ചൈന കൈയ്യേറ്റം നടത്തിയതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ലഡാക്കിലെ ഗൽവാൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ മണ്ണ് പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നിൽ അടിയറവ് വച്ചെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വീറ്ററിലൂടെ വിമർശനമുന്നയിച്ചിരുന്നു. ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള ജപ്പാൻ ടൈംസിന്റെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഇതിനു പിന്നാലെ പ്രധാനമന്ത്രിയെ സറണ്ടർ മോദിയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ മണ്ണിൽ ആരും കടന്നു കയറിയിട്ടില്ലെങ്കിൽ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായത് എവിടെവച്ചാണെന്ന് പ്രാധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആക്ഷേപമുന്നയിച്ചിരുന്നു.

Story highlight: Rahul Gandhi says China invaded Indian territory in satellite image

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top