അങ്കമാലിയിൽ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി

അങ്കമാലിയിൽ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കൈവന്നു. അതേസമയം, ഭർത്താവിനെതിരെ ശക്തമായ മൊഴി നൽകിയതുകൊണ്ട് കുഞ്ഞിന്റെ മാതാവിനെതിരെ അന്വേഷണം വേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും അറിയിച്ചു.
രാവിലെ 11 മണിയോടുകൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ കുട്ടിയുടെ തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തവും നീർക്കെട്ടും ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കുട്ടി കരയാനും കണ്ണ് തുറക്കാനും ശ്രമിച്ചതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് കുട്ടിയെ ഓക്‌സിജന്റെ സഹായത്തോടെ ഐസിയൂവിലേക്ക് മാറ്റി.
എന്നാൽ കുട്ടിയുടെ അമ്മയിലേക്ക അന്വേഷണം വ്യാപിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് തന്നെയും കുഞ്ഞിനെയും ആക്രമിക്കാറുണ്ടായിരുന്നെന്നും ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കുട്ടിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ, കുഞ്ഞിനെതിരെ ആക്രമണം നടക്കുന്ന ദിവസം പിതാവ് ഷൈജു തോമസ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും തന്നോടും പെൺകുഞ്ഞിനോടുള്ള ദേഷ്യവുമാണ് ഇയാൾ കുട്ടിയെ ആക്രമിക്കുന്നതിന് കാരണമെന്നും അമ്മ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
Story highlight: In Angamali, father trying to kill baby, surgery completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here