മുല്ലപ്പള്ളിയുടെ വിവാദ പരാമർശത്തിൽ കോൺഗ്രസ് പ്രവർത്തകർ തല കുനിക്കേണ്ടതില്ല; സിപിഐഎമ്മിലെ ഉദാഹരണങ്ങൾ നിരത്തി മാത്യു കുഴൽനാടൻ

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവന നിമിത്തം യുഡിഎഫിലും കോൺഗ്രസിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മുല്ലപ്പള്ളിയെ പിന്തുണയ്ക്കണമെന്ന കോൺഗ്രസ് നിലപാടിനെതിരെയുള്ള ഭിന്നത മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികൾ പ്രകടിപ്പിച്ച് കഴിഞ്ഞു. എന്നാൽ മുല്ലപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ. സ്ത്രീ വിരുദ്ധതയെക്കുറിച്ചുള്ള സിപിഐഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്ന് ഉദാഹരണങ്ങൾ നിരത്തി കുഴൽനാടൻ കുറിച്ചു. സിപിഐഎമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ആരോഗ്യമന്ത്രി വിമർശനങ്ങൾക്ക് അതീതയല്ലെന്നും മാത്യു കുഴൽനാടൻ.
മാത്യു കുഴൽനാടൻ കുറിച്ചത് ഇങ്ങനെ,
മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഒരു കോൺഗ്രസ് പ്രവർത്തകനും തല കുനിക്കേണ്ടി വരില്ല.
സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഐഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. അച്യുതാനന്ദൻ മുതൽ വിജയരാഘവൻ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരള സമൂഹത്തിന് മുന്നിലുണ്ട്.
കെ കെ ഷൈലജ എന്ന ആരോഗ്യ മന്ത്രി വിമർശനങ്ങൾക്ക് അതീതയാണ് എന്ന ധാരണ ആർക്കും വേണ്ട. പ്രവാസികൾക്ക് വേണ്ടി ഫ്‌ളൈറ്റ് ചാർട്ടർ ചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും, ടി പി ചന്ദ്രശേഖരൻ വധ കേസിൽ കോടതി ശിക്ഷിച്ച കുറ്റവാളി കുഞ്ഞനന്ദനോട് കാണിച്ച വിധേയത്വവും ഈ അടുത്ത നാളുകളിൽ നമ്മൾ കണ്ടതാണ്.
Read Also: ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗം ഓഫീസ് അടച്ചു
കഴിഞ്ഞ കുറേ നാളുകളായി സിപിഐഎമ്മിൽ ബിംബവൽക്കരണം ആണ് നടക്കുന്നത്. പിണറായി എന്ന ബിംബം, ഇപ്പോഴിതാ ശൈലജ എന്ന ബിംബം. അവരുടെ ബിംബവൽക്കരണത്തെ ചോദ്യം ചെയ്യാൻ ഞാനില്ല. പക്ഷെ അവർ വിമർശനങ്ങൾക്കതീതരാണ് എന്ന നിലപാട് ഇങ്ങോട്ട് വേണ്ട.
കണ്ണൂരിലെ പി ജയരാജൻ എന്ന സഖാവ് ബിംബവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നു എന്നൊരാപണം ഈയിടെ സിപിഐഎമ്മിൽ ഉയർന്നതായി കേട്ടിരുന്നു. അതും നമ്മെ ബാധിക്കുന്ന കാര്യമല്ല.
എന്നാൽ കെ കെ ഷൈലജ എന്ന മന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അങ്ങ് കൈകാര്യം ചെയ്തു കളയാം എന്ന് വിചാരിച്ചാൽ, അത് നടക്കില്ല.
ഈ കാര്യത്തിൽ, സൈബർ ഇടത്തിൽ കെപിസിസി അധ്യക്ഷന് അഭേദ്യമായ പ്രതിരോധം തീർത്ത കോൺഗ്രസിന്റെ സൈബർ പോരാളികൾക്ക് അഭിവാദ്യങ്ങൾ.
mathew kuzhalnadan, mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here